മണിയുടെ പേരിൽ നാടൻകലകൾക്കായി ഫോക്‌ലോർ ഉപകേന്ദ്രം: മന്ത്രി സജി ചെറിയാൻ

Tuesday 31 August 2021 9:46 PM IST
ചാലക്കുടി പുത്തുപറമ്പിൽ കലാഭവൻ മണിയ്ക്കുള്ള സ്മാരകം നിർമ്മിക്കുന്ന സ്ഥലം മന്ത്രി സജി ചെറിയാൻ സന്ദർശിക്കുന്നു

ചാലക്കുടി: നാടൻ പാട്ടിനും നാടൻ കലകൾക്കുമായി കലാഭവൻ മണിയുടെ പേരിൽ ചാലക്കുടിയിൽ ഫോക്‌ലോർ അക്കാഡമിയുടെ ഉപകേന്ദ്രം ആരംഭിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ഇതു സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് വിശ്രമ കേന്ദ്രത്തിൽ നടന്ന അവലോകന യോഗത്തിന് ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. പുത്തുപറമ്പ് മൈതാനിയിൽ വിദ്യാഭ്യാസ വകുപ്പ് വിട്ടുനൽകിയ 24 സെന്റ് സ്ഥലത്ത് ഉപകേന്ദ്രം കൂടി പ്രവർത്തിപ്പിക്കാനാണ് തീരുമാനം. ചെറിയൊരു സ്ഥലത്തെ കേന്ദ്രം ഒന്നിനും തികയാതെ വരും. തൊട്ടടുത്ത് കിടക്കുന്ന 15 സെന്റ് സ്ഥലം കൂടി ഉൾപ്പെടുത്തി മൂന്ന് നില കെട്ടിടം നിർമ്മിക്കുന്നതാകും അഭികാമ്യം. ഇതിനായി രണ്ട് കോടി രൂപ കൂടി നൽകാൻ തയ്യാറാണ്. നഗരസഭയുടെ ആവശ്യമായി ഇത് സർക്കാരിലേക്കെത്തിയാൽ എത്രയും വേഗം തുടർ നടപടികളിലേക്ക് കടക്കും. തീരുമാനം പെട്ടെന്നുണ്ടായാൽ രണ്ട് വർഷത്തിനകം പദ്ധതി പൂർത്തീകരിക്കാമെന്നും സജി ചെറിയാൻ പറഞ്ഞു. ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ അദ്ധ്യക്ഷനായി. നഗരസഭാ ചെയർമാൻ വി.ഒ. പൈലപ്പൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, മുൻ എം.എൽ.എ ബി.ഡി. ദേവസി, മണിയുടെ സഹോദരൻ ഡോ. ആർ.എൽ.വി രാമകൃഷ്ണൻ, നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷർ, കൗൺസിലർമാർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.

മേൽനോട്ടം വഹിക്കേണ്ടത്

ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ, മുൻ എം.എൻ.എ ബി.ഡി. ദേവസി, നഗരസഭാ ചെയർമാൻ വി.ഒ. പൈലപ്പൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, ഫോക്ക് ലോർ അക്കാഡമി ചെയർമാൻ എം.ജെ. കുട്ടപ്പൻ, കലാഭവൻ മണി സ്മാരക ട്രസ്റ്റ് കൺവീനർ അഡ്വ. കെ.ബി. സുനിൽകുമാർ എന്നിവർ ഉൾപ്പെടുന്ന കൂട്ടായ്മ.