ഐ.എൻ.എല്ലിലെ പ്രശ്‌നങ്ങൾ തീരുന്നു

Wednesday 01 September 2021 12:06 AM IST

കോഴിക്കോട്: പിളർപ്പിലേക്ക് വരെയെത്തിച്ച ഐ.എൻ.എല്ലിലെ ആഭ്യന്തര പ്രശ്നങ്ങൾ ഒടുവിൽ ഒത്തുതീരുന്നു. സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ സംസ്ഥാന ജനറൽ സെക്രട്ടറി കാന്തപുരം അബൂബക്കർ മുസ്ല്യാരുടെ സാന്നിദ്ധ്യത്തിൽ തിങ്കളാഴ്ച നടന്ന മാരത്തോൺ ചർച്ചയിലാണ് ഇരു വിഭാഗവും സമവായത്തിലെത്തിയത്. നേരത്തേ കൈക്കൊണ്ട അച്ചടക്കനടപടിയുടെ കാര്യത്തിലേ തർക്കം ബാക്കിയുള്ളൂ.

പ്രസിഡന്റ് സ്ഥാനത്തു നിന്നു പ്രൊഫ.എ. പി.അബ്ദുൾ വഹാബിനെ പുറന്തള്ളിയ നടപടി പിൻവലിക്കും. അദ്ദേഹം വീണ്ടും പ്രസിഡന്റാവും. എറണാകുളത്ത് ചേർന്ന സംസ്ഥാന കമ്മിറ്റി യോഗം അലങ്കോലപ്പെടുത്തിയവർക്കും, കോഴിക്കോട് സൗത്തിൽ ഐ.എൻ.എൽ സ്ഥാനാർത്ഥിയെ തോല്പിക്കാൻ ശ്രമിച്ചെന്ന് കണ്ടെത്തിയ രണ്ടു പേർക്കുമെതിരെ അച്ചടക്കനടപടി സ്വീകരിക്കണമെന്ന കാസിം ഇരിക്കൂർ വിഭാഗത്തിന്റെ ആവശ്യം അംഗീകരിക്കില്ലെന്ന നിലപാടിലാണ് അബ്ദുൾ വഹാബ് പക്ഷക്കാർ. ഈ വിഷയത്തിൽ തീർപ്പുണ്ടാക്കാൻ കാന്തപുരത്തിന്റെയും മന്ത്രി അഹമ്മദ് ദേവർകോവിലിന്റെയും സാന്നിദ്ധ്യത്തിൽ ചർച്ച ദിവസങ്ങൾക്കകമുണ്ടാവും. മദ്ധ്യസ്ഥ നിർദ്ദേശം അംഗീകരിക്കാൻ ഇരു വിഭാഗവും സന്നദ്ധത അറിയിച്ചിട്ടുണ്ട്.

ഒത്തുതീർപ്പ് ധാരണയനുസരിച്ച്, ഇനി പരസ്യ പ്രസ്താവനകളുണ്ടാവില്ല. പറയാനുള്ളത് പാർട്ടി വേദികളിലേ ഉന്നയിക്കൂ. സി.പി.എമ്മിന്റെ കടുത്ത നിലപാടാണ് ഇരു വിഭാഗത്തെയും വീണ്ടും സമവായ ചർച്ചകളിലേക്ക് നയിച്ചത്. വിഘടിച്ച് മാറാനാണ് ഭാവമെങ്കിൽ രണ്ടു വിഭാഗവും ഇടതുമുന്നണിയിലുണ്ടാവില്ലെന്ന് സി.പി.എം നേതൃത്വം വ്യക്തമാക്കിയിരുന്നു.

Advertisement
Advertisement