കോൺഗ്രസിലെ കുഴപ്പങ്ങളുടെ പ്രധാന കാരണം വേണുഗോപാൽ: പ്രശാന്ത്

Wednesday 01 September 2021 12:14 AM IST

തിരുവനന്തപുരം: എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനും,പുതിയ ഡി.സി.സി പ്രസിഡന്റ് പാലോട് രവിക്കുമെതിരെ ആഞ്ഞടിച്ച്, പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട കെ.പി.സി.സി മുൻ സെക്രട്ടറി പി.എസ്. പ്രശാന്ത്. കേരളത്തിലെ കോൺഗ്രസിലെ പ്രശ്നങ്ങളുടെ മൂലകാരണം വേണുഗോപാലാണെന്ന് ആരോപിച്ച പ്രശാന്ത്, പാലോട് രവിയെ കുമ്പിടി എന്ന് വിശേഷിപ്പിച്ചു. എൽ.ഡി.എഫിലെ ഏതെങ്കിലും പാർട്ടിയിൽ താൻ ചേരുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ സൂചിപ്പിച്ചു.

കെ.സി. വേണുഗോപാലിനോട് കൂറുള്ളവർക്ക് മാത്രമാണ് ഡി.സി.സി പ്രസിഡന്റ് പട്ടികയിൽ സ്ഥാനം ലഭിച്ചത്. പാലോട് രവിക്കെതിരെ നടപടി വേണമെന്നല്ല, റിവാർഡ് നൽകരുതെന്നാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, അദ്ദേഹത്തെ ഡി.സി.സി പ്രസിഡന്റാക്കി. നിയമസഭാ തിരഞ്ഞെടുപ്പിൽ നെടുമങ്ങാട്ട് തനിക്കുവേണ്ടി പ്രവർത്തിച്ചവരെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും പാർട്ടിയിൽ വിഭാഗീയതയുണ്ടാക്കുകയും ചെയ്ത നേതാവാണ് പാലോട് രവി. തന്റെ ജീവന് ഭീഷണിയുണ്ടാകുമെന്ന് തന്റെ കുടുംബം ഭയപ്പെട്ടു. രാഷ്ട്രീയത്തെക്കാൾ അഭിനയമായിരുന്നു പാലോട് രവിക്ക് പറ്റിയത്. മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു കെ.പി.സി.സി പ്രസിഡന്റെങ്കിൽ പാലോട് രവിക്ക് ഈ സ്ഥാനം നൽകില്ലായിരുന്നു. വിഭാഗീയത കാരണമാണ് മണ്ഡലത്തിലെ ആകെയൊരു പഞ്ചായത്തിൽ എസ്.‌ഡി.പി.ഐ പിന്തുണയോടെ കോൺഗ്രസിന് ഭരിക്കേണ്ടിവരുന്നത്. ഹൃദയ വേദനയോടെയാണ് കോൺഗ്രസ് പ്രവർത്തനം അവസാനിപ്പിക്കുന്നത്. തനിക്ക് വോട്ട് നൽകിയവരോട് മാപ്പ് ചോദിക്കുന്നു. മതേതരത്വം ഉയർത്തിപ്പിടിക്കുന്ന പാർട്ടിയുമായി ചേർന്ന് പ്രവർത്തിക്കും. പിണറായി സർക്കാരിന്റെ ഭരണം മികച്ചതായതുകൊണ്ടാണ് ജനങ്ങൾ വീണ്ടും അധികാരത്തിലേറ്റിയതെന്നും പ്രശാന്ത് പറഞ്ഞു.