ഒഴുക്ക് നിലച്ച് നന്ദിയോട് - ആനാട് സമഗ്രകുടിവെള്ള പദ്ധതി പാഴാകുന്നത് ഒരു നാടിന്റെ സ്വപ്നം

Wednesday 01 September 2021 2:52 AM IST

പാലോട്: പതിനൊന്ന് വർഷം കഴിഞ്ഞിട്ടും നിർമ്മാണപ്രവർത്തനങ്ങൾ ഒന്നുമാകാതെ നന്ദിയോട് - ആനാട് സമഗ്രകുടിവെള്ള പദ്ധതി. ഗുണനിലവാരമുള്ള ശുദ്ധമായ കുടിവെള്ളം ജനങ്ങളിലേക്ക് എത്തിക്കണം എന്ന ലക്ഷ്യത്തോടെ 2009ൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച് നടപ്പാക്കിയ പദ്ധതിയാണ് ഇത്. മുൻപ് കേരളകൗമുദി വാർത്തയെത്തുടർന്ന് പദ്ധതി പൂർത്തീകരണത്തിനായി ജനുവരിയിൽ 16 കോടി രൂപ കൂടി എം.എൽ.എ ഡി.കെ. മുരളിയുടെ ഇടപെടലിൽ സർക്കാർ അനുവദിച്ച് ടെൻഡർ നടപടികൾ പൂർത്തിയായി നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചെങ്കിലും ഇലക്‌ഷൻ കഴിഞ്ഞതോടെ വീണ്ടും എല്ലാം പഴയപടിയായി. രണ്ടാം ഘട്ടത്തിൽ അനുവദിച്ച 16 കോടിയിൽ നിന്നും എട്ടരകോടി ചെലവഴിച്ച് ഗാർഹിക കുടിവെള്ള കണക്ഷനും സ്ഥാപിച്ച് ആദ്യഘട്ടത്തിൽ കുടിവെള്ളം നന്ദിയോട് പഞ്ചായത്തിലെ വീടുകളിൽ എത്തിക്കുമെന്ന് വാഗ്ദാനം നൽകിയെങ്കിലും ഏഴു മാസം പിന്നിട്ടിട്ടും ഒന്നുമാകാതെ നിശ്ചലമായി തുടരുന്നു. ആനക്കുഴിയിൽ ഒരു ടാങ്കിന്റെ നിർമ്മാണം നടക്കുന്നതൊഴിച്ചാൽ പൈപ്പിടൽ ജോലി പോലും ഒരിടത്തും നടക്കുന്നില്ല. ആലുങ്കുഴി, താന്നിമൂട്, ആനാട് പഞ്ചായത്തിലെ ചുള്ളിമാനൂർ, കൈതക്കാട് എന്നിവിടങ്ങളിലെ ഓവർ ഹെഡ് ടാങ്കുകളുടെ നിർമ്മാണവും നാളിതുവരെ സ്ഥലം വാങ്ങിയതിലൊതുങ്ങിയതല്ലാതെ ഒരു കല്ലുപോലും പാകാൻ കഴിഞ്ഞിട്ടില്ല.

ആകെ അനുവദിച്ചത്....

2009 ൽ 60 കോടി

2021ൽ 16 കോടി

പാഴായ വാഗ്ദാനങ്ങൾ

1.

വൈദ്യുതീകരണത്തിനായി 630 കെ.വി, 250 കെ.വി കപ്പാസിറ്റിയുള്ള രണ്ടു ട്രാൻസ്ഫോർമറുകൾ സ്ഥാപിക്കും

എന്നാൽ വാട്ടർ അതോറിട്ടിയിൽ നിന്നും ഇതുവരെ വൈദ്യുതി വകുപ്പിന് യാതൊരു അറിയിപ്പും നൽകിയിട്ടില്ല.

2. 63 കിലോ മീറ്റർ ഗാർഹിക ശുദ്ധജല പൈപ്പുകൾ സ്ഥാപിച്ച് കുടിവെള്ളം വീടുകളിൽ എത്തിക്കും

ഈ കുടിവെള്ളം ശേഖരിക്കുന്ന പമ്പ് ഹൗസിലേക്ക് 80 എച്ച്.പി പമ്പും സ്ഥാപിക്കുന്നതിന് വേണ്ട നടപടി എങ്ങുമെത്തിയില്ല.

നിലവിൽ പൂർത്തിയായത്

സ്റ്റോറേജ് പ്ലാന്റ്,

എയർ ക്ലാരിയേറ്റർ,

രണ്ട് ഫ്ലാഷ് മിക്സർ,

ക്ലാരി ഫയർ ഫോക്കുലേറ്റർ

പാലോട്ടെ പ്രധാന പമ്പ് ഹൗസ്

ടാങ്കുകളുടെ നിർമ്മാണത്തിന് നന്ദിയോട് പഞ്ചായത്ത് വാങ്ങി നൽകിയത്

1. ആലുങ്കുഴിയിൽ 15 സെന്റ് ..7 ലക്ഷം

2.താന്നിമൂട്ടിൽ 15 സെന്റ് ..... 15 ലക്ഷം

3. ആനക്കുഴിയിൽ 5 സെന്റ് ........ 10 ലക്ഷം

ഇതിൽ ആനക്കുഴിയിൽ മാത്രമാണ് ടാങ്ക് നിർമ്മാണം നടക്കുന്നത്.

: രണ്ടു ഘട്ടമായി കുടിവെള്ള പ്രശ്നത്തിന് പരിഹാരമുണ്ടാക്കാമെന്നും ഗാർഹിക പൈപ്പിടലിന്റെ 15 ശതമാനം തുക പഞ്ചായത്ത് നൽകാമെന്ന ഉറപ്പ് നൽകിയെങ്കിലും യാതൊരു നടപടിയും വാട്ടർ അതോറിട്ടിയിൽ നിന്നും നാളിതുവരെ ഉണ്ടായിട്ടില്ല. കുടിവെള്ള ക്ഷാമം രൂക്ഷമായ പഞ്ചായത്തിൽ അടിയന്തിര നടപടിയാണ് ആവശ്യം

ശൈലജാ രാജീവൻ

പ്രസിഡന്റ്, നന്ദിയോട് ഗ്രാമപഞ്ചായത്ത്