പ്രണയപ്പക യുവാവ് 17 തവണ കുത്തിയ യുവതിക്ക് ദാരുണാന്ത്യം

Wednesday 01 September 2021 2:00 AM IST

 അനാഥമായത് ശാരീരിക വെല്ലുവിളി നേരിട്ടിരുന്ന മാതാപിതാക്കൾ


തിരുവനന്തപുരം: വിവാഹഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് ക്രൂരമായി കുത്തിപ്പരിക്കേൽപ്പിച്ച യുവതി മരിച്ചു. നെടുമങ്ങാട് പറട്ട ഉഴപ്പക്കോണത്ത് പുത്തൻ ബംഗ്ളാവിൽ വീട്ടിൽ വാടകയ്ക്ക് താമസിച്ചുവന്ന ശിവദാസൻ - വത്സല ദമ്പതികളുടെ മകൾ സൂര്യഗായത്രിയാണ് (20) മരിച്ചത്. ശരീരമാസകലം 17 തവണ കുത്തുകളേറ്റ സൂര്യഗായത്രി മെഡിക്കൽ കോളേജ് ഐ.സി.യുവിൽ ചികിത്സയിലിരിക്കെ പുലർച്ചെയാണ് മരിച്ചത്. വയറ്റിലും ഗുഹ്യഭാഗത്തുമുൾപ്പെടെ മർമ്മസ്ഥാനങ്ങളിലേറ്റ ആഴമേറിയ കുത്തും ആന്തരിക രക്തസ്രാവവുമാണ് സൂര്യഗായത്രിയുടെ ആരോഗ്യനില മോശമാക്കിയത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്‌റ്റുമോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി. സൂര്യഗായത്രിയെ ആക്രമിച്ച നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അരുണും കൈപ്പത്തിയിൽ മുറിവേറ്റ് മെ‌ഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

സൂര്യഗായത്രിയും അരുണുമായി നേരത്തെ അടുപ്പത്തിലായിരുന്നു. അരുണിനെ അവഗണിച്ച് മറ്രൊരാളെ വിവാഹം ചെയ്ത സൂര്യഗായത്രി,​ ഭർത്താവുമായി പിണങ്ങി കുറച്ച് നാളുകളായി അച്ഛനമ്മമാർക്കൊപ്പമായിരുന്നു. അമ്മയ്ക്കൊപ്പം സ്‌കൂട്ടറിൽ ലോട്ടറി വിൽപ്പനയ്ക്ക് പോകുന്നതിനിടെ അരുണുമായി വീണ്ടും കണ്ടുമുട്ടി. അരുൺ വീണ്ടും പ്രണയാഭ്യർത്ഥനയുമായി സമീപിച്ചെങ്കിലും സൂര്യഗായത്രി അംഗീകരിക്കാൻ തയ്യാറായില്ല. സൂര്യഗായത്രിയോടുള്ള പ്രണയം നാട്ടിൽ പാട്ടാകുകയും സൂര്യ തന്നെ അംഗീകരിക്കാൻ തയ്യാറാകാതിരിക്കുകയും ചെയ്തതിന്റെ വൈരാഗ്യമാകാം കൊലപാതകത്തിന് കാരണമെന്ന് പൊലീസ് കരുതുന്നു. അരുണിനെ വിശദമായി ചോദ്യം ചെയ്യുന്നതോടെ ഇതിൽ വ്യക്തതവരുത്താനാകുമെന്നാണ് പൊലീസ് പറയുന്നു.

പട്ടാപ്പകൽ

അരങ്ങേറിയ ക്രൂരത

ഇന്നലെ ഉച്ചയ്‌ക്ക് രണ്ട് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. സൂര്യഗായത്രിയും അച്ഛനും അമ്മയും വാടകയ്ക്ക് താമസിച്ചിരുന്ന നെടുമങ്ങാട് പറട്ട ഉഴപ്പക്കോണത്തെ വീട്ടിലെത്തിയായിരുന്നു ആക്രമണം. ശാരീരിക വെല്ലുവിളികളുള്ള വ്യക്തികളാണ് സൂര്യയുടെ അച്ഛനും അമ്മയും. ഇവരുടെ വീട്ടിൽ നിന്ന് പത്ത് കിലോമീറ്ററോളം അകലെ ആര്യനാടാണ് അരുണിന്റെ വീട്. ഇവിടെ നിന്ന് സ്‌കൂട്ടറിൽ സൂര്യഗായത്രിയുടെ വീട്ടിലെത്തിയ അരുൺ വീടിന് ചുറ്റും കറങ്ങിയശേഷം അടുക്കളവാതിലിലൂടെ അകത്തുകടന്ന് സൂര്യയെ തലങ്ങും വിലങ്ങും കുത്തുകയായിരുന്നു. മകളെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച അമ്മ വത്സലയെയും അരുൺ കുത്തി. പുറത്ത് കസേരയിലിരിക്കുകയായിരുന്ന അച്ഛൻ ശിവദാസനെ ക്രൂരമായി മർദ്ദിച്ചു. സൂര്യയുടെ തലമുതൽ പാദം വരെ പതിനേഴ് ഇടങ്ങളിലാണ് അരുൺ കുത്തിയത്. തല ചുമരിൽ പലവട്ടം ഇടിച്ച് മുറിവേൽപ്പിച്ചു. സൂര്യ അബോധാവസ്ഥയിലായിട്ടും ഇയാൾ വീണ്ടും വീണ്ടും കുത്തി. നീ എന്നെ ജീവിക്കാൻ അനുവദിക്കില്ലേടി. നീ കാരണം എനിക്ക് പുറത്തിറങ്ങാൻ വയ്യാതായി. നിന്നെ കൊല്ലാനാണ് ഞാൻ വന്നതെന്ന്... എന്നിങ്ങനെ വിളിച്ച് പറഞ്ഞാണ് കൈവശം കരുതിയിരുന്ന കത്തി ഉപയോഗിച്ച് ആക്രമിച്ചത്. കുത്തേറ്റ് രക്തത്തിൽ കുളിച്ച് നിലത്തുവീണ സൂര്യയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടശേഷം സമീപത്തെ വീടിന്റെ ടെറസിൽ ഒളിച്ചിരുന്ന അരുണിനെ നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് കണ്ടെത്തിയത്. പിന്നീട് നാട്ടുകാർ അരുണിനെ പൊലീസിന് കൈമാറി. പരിക്കേറ്റ അരുണും ആശുപത്രിയിലായതിനാൽ ഇയാളെ വിശദമായി ചോദ്യം ചെയ്യാനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ഇന്ന് വൈകുന്നേരത്തോടെ അരുണിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തശേഷം വിശദമായ ചോദ്യം ചെയ്യുമെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന നെടുമങ്ങാ‌ട് ഡിവൈ.എസ്.പി അനിൽകുമാർ പറ‌ഞ്ഞു.

ഭിന്നശേഷിക്കാരിയായ മാതാവ് വൽസലയുടെയും രോഗിയായ പിതാവ് ശിവദാസന്റെയും ഏക ആശ്രയമായിരുന്നു മകൾ സൂര്യ. ശാരീരിക വെല്ലുവിളി നേരിട്ടിരുന്ന മാതാപിതാക്കളെ സൂര്യയാണ് മുന്നോട്ടു നയിച്ചിരുന്നത്. വഞ്ചിയൂർ,​ആര്യനാട്, പേരൂർക്കട സ്‌റ്റേഷനുകളിൽ അരുണിനെതിരെ നിരവധി കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.

Advertisement
Advertisement