ഓണം കഴിഞ്ഞിട്ടും കിറ്റ് വിതരണം ജില്ലയിൽ പൂർത്തിയായില്ല, ഇനിയും ലഭിക്കാനുള്ളത് 48,991 പേർക്ക്

Wednesday 01 September 2021 2:49 AM IST

തൃശൂർ: ഓണം കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും ജില്ലയിൽ ഇനിയും ഓണക്കിറ്റ് ലഭിക്കാത്തവർ അരലക്ഷത്തോളം പേർ. നീല, വെള്ള കാർഡുടമകൾക്കാണ് കൂടുതൽ കിറ്റ് ലഭിക്കാനുള്ളത്. നീലക്കാർഡുകാരിൽ 26,424 പേർക്കും വെള്ള കാർഡുകളിൽ 14,622 പേർക്കും ഇനിയും ലഭിച്ചിട്ടില്ല. അതേസമയം അന്ത്യോദയ വിഭാഗത്തിൽപ്പെട്ടവർക്ക് 3702 പേർക്കും മുൻഗണന വിഭാഗത്തിൽപ്പെട്ട പിങ്ക് കാർഡുകാർക്ക് 4,243 പേർക്കും മാത്രമാണ് കിറ്റ് ലഭിക്കാനുള്ളത്. അതേസമയം കിറ്റുകളെല്ലാം റേഷൻ കടകളിൽ എത്തിച്ചിട്ടുണ്ടെന്നാണ് സിവിൽ സ്പളൈസ് വകുപ്പ് അധികൃതർ പറയുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ മാത്രമാണ് റേഷൻ കടകളിൽ കിറ്റ് എത്തിച്ചിട്ടുള്ളത്. ഇന്നലെ വൈകീട്ട് അഞ്ചുവരെയുള്ള കണക്ക് പ്രകാരം ഇനിയും കിറ്റ് ലഭിക്കാനുള്ളവർ 48,991 പേരാണ്. ആകെയുള്ള 8,68,472 കാർഡുടമകളിൽ 8,19,481 പേർക്കാണ് ഓണക്കിറ്റ് ലഭിച്ചിട്ടുള്ളത്.

ഓണകിറ്റ് സംബന്ധിച്ച വിവരം

വിഭാഗം, ആകെ കാർഡുടമകൾ, കിറ്റ് ലഭിച്ചവർ, ലഭിക്കാനുള്ളവർ എന്ന ക്രമത്തിൽ

മഞ്ഞ 52,108 - 48,406 - 3,702

പിങ്ക് 2,89,678 - 2,85,435 - 4,243

നീല 2,55,478 - 2,29,054 - 26,424

വെള്ള 2,71,208 - 2,56,586 - 14,622

കിറ്റ് ലഭിക്കാനുള്ളവർ - 48,991

ആകെ കാർഡുടമകൾ - 8,68,472

നാളെ കൂടി ഓണക്കിറ്റ് വിതരണം ചെയ്യും, റേഷൻ കടകളിൽ കിറ്റ് എത്തിച്ചിട്ടുണ്ട്. കാർഡുടമകൾ കൈപ്പറ്റണം - (അയ്യപ്പദാസ്, ജില്ലാ സപ്‌ളൈ ഓഫീസർ)