വാഹന ഇൻഷൂറൻസിന് വ്യാജ സർട്ടിഫിക്കറ്റ്

Thursday 02 September 2021 12:07 AM IST

പയ്യന്നൂർ: വാഹന ഇൻഷൂറൻസിന് വ്യാജ സർട്ടിഫിക്കറ്റ് നൽകി പയ്യന്നൂരിൽ വൻ തട്ടിപ്പ്. നിരവധി വാഹന ഉടമകളാണ് തട്ടിപ്പിന് ഇരയായത്. കുറച്ചുകാലമായി തുടർന്ന് വന്നിരുന്ന തട്ടിപ്പ് അടുത്തിടെ അപകടത്തിൽപ്പെട്ട വാഹനം ഇൻഷൂറൻസ് ക്ലെയിമിനായി അപേക്ഷിച്ചപ്പോഴാണ് വെളിച്ചത്തായത്. പ്രമുഖ സ്വകാര്യ ഇൻഷൂറൻസ് കമ്പനിയുടെ അംഗീകൃത ഏജൻസിയാണെന്ന് വാഹന ഉടമകളെ തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്.

ഓട്ടോറിക്ഷ ഡ്രൈവർമാരും ടൂവീലർ ഉടമകളുമാണ് തട്ടിപ്പിന് ഇരയായവരിൽ അധികവും. പയ്യന്നൂർ ഗവ: ആശുപത്രി റോഡിലെ ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. ഇൻഷൂറൻസിന് പണം സ്വീകരിച്ച് യഥാർത്ഥ കമ്പനിയിൽ അടക്കാതെ വ്യാജ സർട്ടിഫിക്കറ്റ് നൽകുന്നതായിരുന്നു ഇവരുടെ രീതി.

ഇതുസംബന്ധിച്ച് പയ്യന്നൂർ പൊലീസിൽ ലഭിച്ച പരാതിയിൽ അന്വേഷണം നടന്നുവരുന്നതിനിടയിലാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നോവ കാറിൽ സഞ്ചരിക്കുകയായിരുന്ന പയ്യന്നൂർ തായിനേരി സ്വദേശി എം.അഷ്കർ അലി (35), കാഞ്ഞങ്ങാട് സ്വദേശി കെ. ഹർഷാദ് ( 32) എന്നിവരെ എം.ഡി.എം.എ. മയക്കുമരുന്ന് സഹിതം ചൊവ്വാഴ്ച ഉച്ചയ്ക്ക് പയ്യന്നൂർ തലിച്ചാലം പാലത്തിനടുത്ത് വച്ച് അറസ്റ്റ് ചെയ്തത്. ഇവരുടെ വാഹനത്തിന്റെ ഇൻഷൂറൻസ് രേഖകൾ പരിശോധിച്ചതിൽ നിന്നാണ് വ്യാജസർട്ടിഫിക്കറ്റ് സംബന്ധിച്ച വിവരം ലഭിച്ചത്. ഇതിനുപിന്നാലെ ഇന്നലെ അഷ്കർ അലിയുടെ പേരിലുള്ള സ്വകാര്യ ഇൻഷൂറൻസ് സ്ഥാപനത്തിൽ ഡിവൈ.എസ്.പി. കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ നിരവധി രേഖകളും പ്രിന്ററും പിടിച്ചെടുക്കുകയായിരുന്നു.

എം.ഡി.എം.എയുമായി പിടികൂടിയ കേസിൽ റിമാൻഡിൽ കഴിയുന്ന അഷ്കർ അലിയെ കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകി. തട്ടിപ്പിനെ സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രൻ പറഞ്ഞു. നിലവിൽ മൂന്ന് പരാതികളിലായി പത്ത് വാഹനങ്ങളുടെ പേരിൽ ഇൻഷൂറൻസ് തട്ടിപ്പ് നടത്തിയതിനാണ് കേസെടുത്തിട്ടുള്ളത്. പയ്യന്നൂർ പ്രിൻസിപ്പൽ എസ്.ഐ. പി. യദുകൃഷ്ണൻ, എസ്.ഐ. എ.കെ. ഗിരീഷ്, എ.എസ്.ഐ. സത്യൻ, മനോജ്, സൂരജ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

Advertisement
Advertisement