വാട്സാപ്പ് നിരോധിച്ചത് 30 ലക്ഷം ഇന്ത്യൻ അക്കൗണ്ടുകൾ

Wednesday 01 September 2021 9:22 PM IST

ന്യൂഡൽഹി: ഓൺലൈൻ ദുരുപയോഗം തടയുന്നതിനും ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ഇന്ത്യയിലെ 30 ലക്ഷം അക്കൗണ്ടുകൾ മരവിപ്പിച്ചതായി വാട്സാപ്പ്. ജൂൺ 16നും ജൂലായ് 30നും ഇടയിലാണ് 30 ലക്ഷം അക്കൗണ്ടുകൾ മരിവിപ്പിച്ചതെന്നും കമ്പനി അറിയിച്ചു.

' ഉപഭോക്താക്കളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി സാങ്കേതിക വിദ്യയിൽ നിരന്തരം നിക്ഷേപം നടത്തുന്നുണ്ട്. ദോഷകരമായ അല്ലെങ്കിൽ അനാവശ്യ സന്ദേശങ്ങൾ തടയുകയാണ് ലക്ഷ്യം. ഇത്തരത്തിൽ അസാധാരണമായ സന്ദേശങ്ങൾ തടയുന്നതിനായി വിപുലമായ സാങ്കേതിക വിദ്യകൾ ഉറപ്പുവരുത്തുന്നു. ഇതോടെ ഇന്ത്യയിൽ 30 ലക്ഷം അക്കൗണ്ടുകൾ മരവിപ്പിച്ചു.'- കമ്പനി വ്യക്തമാക്കി.

പുതിയ ഐ.ടി നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന റിപ്പോർട്ട് വാട്സാപ്പ് നൽകിയെങ്കിലും, പുതിയ ഐ.ടി നിയമങ്ങൾ തടയണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാറിനെതിരെ പരാതി നൽകിയിരുന്നു.

ഉപയോക്താക്കളുടെ സ്വകാര്യത ലംഘിക്കുന്നതാണ് നിയമമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ഇന്ത്യയിൽ 40കോടി ഉപയോക്താക്കളാണ് വാട്സാപ്പിനുള്ളത്. കഴിഞ്ഞ മേയിൽ സമാനമായി 20 ലക്ഷം അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു.