മാനസിക വെല്ലുവിളിയുള്ളവരുടെ വാക്സിനേഷൻ ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കണം : സുപ്രീംകോടതി

Thursday 02 September 2021 12:00 AM IST

ന്യൂഡൽഹി: രാജ്യത്തെ മാനസിക വെല്ലുവിളി നേരിടുന്നവർക്കും അവരെ പരിചരിക്കുന്ന കുടുംബാംഗങ്ങൾക്കും ആരോഗ്യപ്രവർത്തകർക്കും ഒരു മാസത്തിനുള്ളിൽ കൊവിഡ് വാക്സിൻ ലഭ്യമാക്കണമെന്ന് ഉത്തരവിട്ട് സുപ്രീംകോടതി. ഇതുസംബന്ധിച്ച് റിപ്പോർട്ട് ഒക്ടോബർ 15ന് മുമ്പ് സമ‌ർപ്പിക്കണമെന്നും കേന്ദ്രം സാമൂഹിക ക്ഷേമ മന്ത്രാലയത്തിന് സുപ്രീംകോടതി നിർദ്ദേശം നൽകി.

കൊവിഡ് കാലത്ത് മാനസികവെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസം സാദ്ധ്യമാകുന്നില്ലെന്ന് കാണിച്ച് അഭിഭാഷകൻ ഗൗരവ് ബൻസാൽ നൽകിയ ഹർജിലാണ് കേന്ദ്ര,​ സംസ്ഥാനങ്ങൾക്ക് ജസ്റ്റിസ് ഡി​,​വൈ.ചന്ദ്രചൂഡ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിർദ്ദേശം നൽകിയത്.

ഒപ്പം ഇത്തരക്കാരെ ചികിത്സിക്കാനുള്ള സ്ഥാപനങ്ങളുടെ ലഭ്യത സംബന്ധിച്ച് നാലാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും കോടതി നിർദ്ദേശം നൽകി.