കണക്കിൽ മഴക്കുറവ്, പെയ്തുതോരാതെ കെടുതി

Wednesday 01 September 2021 10:39 PM IST

തൃശൂർ: കാലവർഷം അവസാനിക്കാനിരിക്കേ, 24 ശതമാനം മഴകുറഞ്ഞെങ്കിലും മഴക്കെടുതികൾക്കും കൃഷിനാശത്തിനും കുറവില്ല. രണ്ട് മാസത്തിനിടയിൽ 15.45 കോടിയുടെ കൃഷിനാശമുണ്ടായെന്നാണ് അനൗദ്യോഗിക കണക്ക്. എന്നാൽ റിപ്പോർട്ട് ചെയ്യാത്ത നഷ്ടം ഇതിൻ്റെ ഇരട്ടിയാണ്. മേയിലുണ്ടായ അപ്രതീക്ഷിത വേനൽമഴയിൽ മാത്രം കൃഷിനാശം പത്ത് കോടിയാണെന്നായിരുന്നു കൃഷിവകുപ്പിന്റെ റിപ്പോർട്ട്. വിളഞ്ഞ നെൽക്കൃഷിയും വ്യാപകമായി നശിച്ചു. തീരദേശമേഖലയിലും കനത്ത നാശമുണ്ടായി.

ഏപ്രിൽ അവസാനം തന്നെ പ്രവചനം തെറ്റിച്ച് ചുഴലിക്കാറ്റും മഴയും ശക്തമായിരുന്നു. കൃഷിക്കും മറ്റ് സ്വത്തുവകകൾക്കും നാശമുണ്ടാക്കി. അശാസ്ത്രീയമായ കൃഷിരീതികളും കാട് കൈയേറിയുളള പ്ളാൻ്റേഷനുകളും മലയോരങ്ങളിലെ ഖനനവും നിർമ്മാണപ്രവർത്തനങ്ങളുമെല്ലാമാണ് ചെറിയ മഴയിൽപോലും കൃഷിനാശമടക്കം കൂടാൻ കാരണം. അതേസമയം, സംസ്ഥാനത്തും 22 ശതമാനമാണ് മഴക്കുറവ്. കാലവർഷം തുടങ്ങി 93 ദിവസം പിന്നിട്ടിട്ടും തുടർച്ചയായി മൺസൂൺ കാറ്റ് ശക്തി പ്രാപിക്കാത്തതാണ് മഴ കുറയാനുള്ള കാരണമെന്നാണ് പറയുന്നത്.

8 ന്യൂന മർദ്ദങ്ങൾ കാലവർഷ സീസണിൽ ഇതുവരെ രൂപപ്പെട്ടുവെങ്കിലും കാര്യമായി ശക്തി പ്രാപിച്ചില്ല. കാലവർഷത്തെ കാര്യമായി സ്വാധീനിക്കുന്ന ആഗോള കാലാവസ്ഥാ പ്രതിഭാസമായ മാഡൻ ജൂലിയൻ ഓസിലേഷൻ ഇത്തവണ പലതവണ വന്നെങ്കിലും പൊതുവെ ദുർബലമായിരുന്നു. ഇന്ത്യൻ മഹാസമുദ്ര പ്രതിഭാസമായ ഇന്ത്യൻ ഓഷ്യൻ ഡൈപ്പോൾ നെഗറ്റീവ് ഫേസിലേക്ക് മാറിയതും മഴ കുറയാൻ കാരണമായി. കോട്ടയത്ത് ശരാശരിയെക്കാൾ 9% അധിക മഴ ലഭിച്ചിരുന്നു. കൂടുതൽ മഴ കാസർകോട് ആണെങ്കിലും (2009.9 മില്ലി.മീ ) സാധാരണ ലഭിക്കേണ്ട (2699.6മില്ലി.മീ) മഴയെക്കാൾ 21% കുറവായിരുന്നു.

കാലവർഷദൈർഘ്യം: 122 ദിവസം (ജൂൺ 1 -സെപ്റ്റംബർ 30)

കുറവ് മഴ വയനാട് (37%)

  • ജൂൺ 1 - ആഗസ്റ്റ് 31 വരെ
  • ലഭിക്കേണ്ടത്: 1789.7 മില്ലിമീറ്റർ.
  • പെയ്തത് 1402 മില്ലിമീറ്റർ, 22% കുറവ്.
  • 2020 9% കുറവ്
  • 2019 5 % കൂടുതൽ
  • 2018 35 % കൂടുതൽ
  • 2017 21 % കുറവ്
  • ആഗസ്റ്റിൽ കുറവ് : 2%
  • പെയ്യേണ്ടത്: 426.7 മില്ലിമീറ്റർ
  • പെയ്തത് : 416.1മില്ലിമീറ്റർ
  • 2020 35% കൂടുതൽ
  • 2019 123% കൂടുതൽ
  • 2018 96% കൂടുതൽ
  • 2017 10% കൂടുതൽ

ജൂണിൽ 36 % കുറവ്

ജൂണിലെ മഴയിൽ 36% കുറവായിരുന്നു. ലഭിക്കേണ്ടത് 643 മില്ലിമീ. ലഭിച്ചത് 408.4 മില്ലിമീറ്ററും. കഴിഞ്ഞവർഷം 17% കുറവുണ്ടായിരുന്നു. 2019ൽ 44% ആയിരുന്നു കുറവ്.

Advertisement
Advertisement