ഡി.വൈ.എഫ്.ഐ തീവ്രവാദ സംഘടനയായി :യുവമോർച്ച

Thursday 02 September 2021 12:12 AM IST

തിരുവനന്തപുരം: വാരിയൻകുന്നനെ മഹത്വവത്കരിക്കുന്നതിലൂടെ ഡി.വൈ.എഫ്.ഐ ലക്ഷണമൊത്ത തീവ്രവാദ സംഘടനയായി മാറിയെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ. പ്രഫുൽകൃഷ്ണൻ ആരോപിച്ചു.

പ്രത്യേക മതരാഷ്ട്രത്തിന് വേണ്ടിയുള്ള മാപ്പിള ലഹളയെ സ്വാതന്ത്ര്യസമരമായി ചിത്രീകരിക്കുന്നത് സ്വാതന്ത്ര്യ സമരസേനാനികളോടും ദേശാഭിമാനികളോടും ചെയ്യുന്ന ക്രൂരതയാണ്. ആയിരക്കണക്കിന് പേരെ കൊലപ്പെടുത്തിയും ക്ഷേത്രങ്ങൾ തകർത്തും മതം മാറ്റിയും സ്ത്രീകളെ മാനഭംഗത്തിന് ഇരയാക്കിയും നടത്തിയ കലാപം സ്വാതന്ത്ര്യ സമരമെന്ന് പ്രചരിപ്പിക്കുന്ന ഡി.വൈ.എഫ്‌.ഐയും സി.പി.എമ്മും മന്ത്രിമാരും ചരിത്രത്തെ വളച്ചൊടിക്കുകയാണ്.

ഭഗത്‌ സിംഗിനെയും മത കലാപത്തിന് നേതൃത്വം നൽകിയ വാരിയൻകുന്നനെയും താരതമ്യപ്പെടുത്തിയ സ്പീക്കർ എം.ബി.രാജേഷിന്റെ നിലപാട് അൽപ്പത്തരമാണ്. കാലടി സർവകലാശാലയിൽ ഭാര്യയ്ക്ക് മുസ്ലീം സംവരണത്തിൽ ജോലി നേടാൻ റാങ്ക് ലിസ്റ്റ് വരെ അട്ടിമറിച്ചെന്ന ആരോപണമുള്ള എം.ബി രാജേഷ് ഇതിലപ്പുറം പറഞ്ഞാലും അത്ഭുതപ്പെടാനില്ല. പകൽ കമ്മ്യൂണിസ്റ്റും രാത്രി തീവ്രവാദിയുമായിരുന്നവർ ഇന്ന് മുഴുവൻ സമയവും തീവ്രവാദം പ്രചരിപ്പിക്കുകയാണെന്നും പ്രഭുൽകൃഷ്ണ പറഞ്ഞു. യുവമോർച്ച ജില്ലാ പ്രസിഡന്റ് ആർ. സജിത്തും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.