റൂബിക്സ് ക്യൂബിൽ വിസ്മയം തീർത്ത് അദ്വൈത്

Thursday 02 September 2021 12:25 AM IST

ആലപ്പുഴ: റൂബിക്സ് ക്യൂബുകൾകൊണ്ട് ഛായാചിത്രം തീർത്ത് അദ്വൈത് മാനഴിയെന്ന പതി​ന്നാലുകാരൻ ശ്രദ്ധേയനാകുന്നു. ലോകമേ തറവാട് കലാ പ്രദർശന വേദിയിൽ 400 ക്യൂബ് ഉപയോഗിച്ചാണ് കലാ പ്രദർശനത്തിന്റെ ലോഗോ നിർമിച്ചത്.കാക്കനാട് ഭവൻസ് ആദർശ് വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് അദ്വൈത്. കാക്കനാട് ഇൻഫ്ര വൺടേജ് ഫ്ലാറ്റിൽ താമസിക്കുന്ന മൂക്കോന്നിൽ ഗിരീഷിന്റെയും ബിന്ദ്യ മാനഴിയുടെയും മകനാണ്. ഏഴ് വയസ് മുതലാണ് റൂബിക്സ് വിനോദത്തിൽ അദ്വൈത് ഏർപ്പെട്ടു തുടങ്ങിയത്. അച്ഛന്റെയും അമ്മയുടെയും വിവാഹ ചിത്രമാണ് ആദ്യം റൂബിക്സ് ക്യൂബിൽ ഛായാചിത്രം ചെയ്തത്.

ഇത് വിജയിച്ചതോടെ തന്റെ റൂബിക്സ് ക്യൂബ് ക്യാൻവാസിലേക്ക് പ്രമുഖരെ അദ്വൈത് കൊണ്ടുവരികയായിരുന്നു. ഇതുവരെ 90 പോർട്രെയിറ്റുകൾ നിർമിച്ചിട്ടുണ്ട്. രാഷ്ട്രപതി രാംനാഥ് കൊവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയൻ, സച്ചിൻ ടെൻഡുൽക്കർ, മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, കെ. എസ്. ചിത്ര, മോണാലിസ, ക്രിസ്തു, അയ്യപ്പൻ, ശിവൻ തുടങ്ങിയവരുടെ ചിത്രങ്ങളും അദ്വൈത് റൂബിക്സ് ക്യൂബിൽ തീർത്തിട്ടുണ്ട്.

റൂബിക്സ് ക്യൂബുകൾ ചേർത്ത് ചിത്രങ്ങളുണ്ടാക്കിയത് യു.ആർ.എഫ്. ഏഷ്യൻ റെക്കാഡ്‌സിലും ഇടം നേടിയിട്ടുണ്ട്. റൂബിക്സ് ക്യൂബുകൊണ്ട് വലിപ്പമുള്ള ഛായാചിത്രം ഉണ്ടാക്കിയ പ്രായം കുറഞ്ഞ ഏഷ്യക്കാരനെന്ന 'അറേബ്യൻ വേൾഡ് റെക്കോർഡ്' അദ്വൈതിന്റെ പേരിലാണ്.

Advertisement
Advertisement