പ്ളസ് വൺ പരീക്ഷ റദ്ദാക്കണമെന്ന ഹർജി തള്ളി

Thursday 02 September 2021 12:42 AM IST

കൊച്ചി: ഈ മാസം ആറു മുതൽ നടക്കുന്ന പ്ളസ് വൺ പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആറു കുട്ടികൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി. കൊവിഡ് വ്യാപനസാഹചര്യത്തിൽ ഓഫ്‌ലൈൻ പരീക്ഷ തടയണമെന്നും സ്കൂൾ തലത്തിൽ പരീക്ഷ നടത്തി നിലവാരം വിലയിരുത്താൻ നിർദ്ദേശിക്കണമെന്നുമായിരുന്നു ആവശ്യം. ലോക്ക്ഡൗൺ നിമിത്തം ക്ളാസുകൾ ഫലപ്രദമായി നടത്തിയിട്ടില്ലെന്നും മൊബൈൽ ഫോൺ ഉൾപ്പെടെ ഇല്ലാത്തതിനാൽ നിരവധി പേർക്ക് ക്ളാസുകളിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെന്നും വാദിച്ചു. പ്ളസ് വൺ, പ്ളസ് ടു പരീക്ഷകൾ സി.ബി.എസ്.ഇ റദ്ദാക്കിയതും വിശദീകരിച്ചു. എന്നാൽ എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകൾ ഫലപ്രദമായി നടത്തിയത് ചൂണ്ടിക്കാട്ടി സർക്കാർ ഈ വാദത്തെ എതിർത്തു. നാലു ലക്ഷത്തിലേറെ വിദ്യാർത്ഥികളാണ് പരീക്ഷ എഴുതാനൊരുങ്ങുന്നത്. ഒരുക്കങ്ങളും പൂർത്തിയായി. ഈ ഘട്ടത്തിൽ കോടതി ഇടപെടുന്നത് അക്കാഡമിക് ഷെഡ്യൂളിനെ തകിടം മറിക്കുമെന്നും ചൂണ്ടിക്കാട്ടി. ഇത് അംഗീകരിച്ചാണ് ജസ്റ്റിസ് രാജ വിജയരാഘവന്റെ ബെഞ്ച് ഹർജി തള്ളിയത്.

Advertisement
Advertisement