ചിപ്പ് ക്ഷാമത്തിൽ തെന്നി വാഹന വിപണിയുടെ വീഴ്‌ച

Thursday 02 September 2021 3:20 AM IST

കൊച്ചി: കൊവിഡും ആഗോളതലത്തിലെ ലോക്ക്ഡൗണുകളും മൂലം സെമികണ്ടക്‌ടർ (ചിപ്പ്) ക്ഷാമം രൂക്ഷമായത്, വാഹന വിപണിയെ പ്രതിസന്ധിയിലാക്കുന്നു. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ അയഞ്ഞതോടെ മികച്ച നേട്ടത്തിലേക്ക് കരകയറിയ ആഭ്യന്തര വാഹന വിപണി, കഴിഞ്ഞമാസം നിരാശയിലേക്ക് വീണു. 2020 ആഗസ്‌റ്റിനെ അപേക്ഷിച്ച് ഒട്ടുമിക്ക വാഹന നിർമ്മാതാക്കളും മികച്ച വളർച്ച ആഗസ്‌റ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ജൂലായെ അപേക്ഷിച്ച് വില്പന ഇടിഞ്ഞു.

കൊവിഡ് ഒന്നാംതരംഗം വീശിയടിച്ച കഴിഞ്ഞവർഷം ആഗസ്‌റ്റിനെ അപേക്ഷിച്ച് കഴിഞ്ഞമാസം ടാറ്റാ മോട്ടോഴ്‌സിന്റെ മൊത്ത വില്പന 51 ശതമാനം വർദ്ധിച്ചിട്ടുണ്ട്. ഇത്തവണ ജൂലായെ അപേക്ഷിച്ച് വില്പന ഏഴു ശതമാനം കുറഞ്ഞു. ചിപ്പ് ക്ഷാമം മൂലം ഉത്‌പാദനം നിയന്ത്രിക്കേണ്ടി വന്നതാണ് തിരിച്ചടി. മാരുതി സുസുക്കിയുടെ വില്പന നഷ്‌ടം ജൂലായെ അപേക്ഷിച്ച് 19.5 ശതമാനം.

ചിപ്പ് ക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ ഈമാസത്തെ ഉത്‌പാദനം 60 ശതമാനം വെട്ടിക്കുറയ്ക്കുമെന്ന് മാരുതി അറിയിച്ചിട്ടുണ്ട്. ഉത്സവകാലം അടുത്തിരിക്കേയുള്ള ഈ പ്രതിസന്ധി, വാഹന നിർമ്മാതാക്കളെ വലിയ സമ്പദ്‌ഞെരുക്കത്തിലേക്കും തള്ളും. മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ മൊത്തവില്പന നഷ്‌ടം ജൂലായേക്കാൾ 21.5 ശതമാനമാണ്.