മനുഷ്യാവയവങ്ങൾ കുറ്റവാളികളല്ല

Thursday 02 September 2021 12:35 AM IST

അവയവദാനം മഹാദാനമാണെങ്കിലും അതിനുവേണ്ട നിബന്ധനകൾ അഴിക്കുന്തോറും മുറുകുന്ന കുരുക്കുകൾ പോലെയാണ്. അവയവദാനത്തിന് മുതിരുന്നവരുടെ പൂർണസമ്മതമല്ലാതെ ജാതിയോ മതമോ സ്വഭാവസർട്ടിഫിക്കറ്റോ തേടേണ്ട കാര്യമില്ലെങ്കിലും അനുമതി നൽകേണ്ട വിദഗ്ദ്ധസമിതികൾ കാര്യങ്ങൾ ലഘൂകരിക്കുന്നതിനു പകരം കൂടുതൽ സങ്കീർണമാക്കുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. ഈ പശ്ചാത്തലത്തിലാണ് കേരള ഹൈക്കോടതി ജഡ്ജി പി.വി.കുഞ്ഞികൃഷ്ണൻ കഴിഞ്ഞ ദിവസം നടത്തിയ നിരീക്ഷണത്തിന്റെ ഗൗരവം വർദ്ധിക്കുന്നത്. മനുഷ്യശരീരത്തിൽ കുറ്റവാളിയായ ഹൃദയമോ വൃക്കയോ കരളോ ഇല്ലെന്നായിരുന്നു ക്രിമിനൽ കേസിൽ പ്രതിയായ ആളുടെ വൃക്ക ദാനംചെയ്യാൻ അനുമതി നിഷേധിച്ച, എറണാകുളം ജില്ലാതല ഓതറൈസേഷൻ സമിതിയുടെ തീരുമാനം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലെ ശ്രദ്ധേയമായ പരാമർശം.

കൊല്ലം സ്വദേശി രാധാകൃഷ്ണപിള്ളയ്ക്ക് വൃക്കദാനം ചെയ്യാൻ അനുമതിതേടി അദ്ദേഹത്തിന്റെ സുഹൃത്തും ഡ്രൈവറുമായ തിരുവനന്തപുരം സ്വദേശി ആർ.സജീവ് നൽകിയ അപേക്ഷയാണ് വിദഗ്ധസമിതി തള്ളിയത്. സജീവ് ക്രിമിനൽക്കേസുകളിലെ പ്രതിയാണെന്നു പറഞ്ഞായിരുന്നു അനുമതി നിഷേധിച്ചത്. ദാതാവ് ക്രിമിനൽ കേസിലെ പ്രതിയാണെന്നത് അവയവദാനത്തിന് അനുമതി നൽകേണ്ടവർ പരിഗണിക്കേണ്ട വിഷയമല്ലെന്നും ഒരാഴ്ചയ്ക്കുള്ളിൽ അപേക്ഷ വീണ്ടും പരിഗണിച്ച് തീരുമാനം കൈക്കൊള്ളണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

അവയവം മാറ്റിവയ്ക്കാൻ അനുമതി തേടിയുള്ള അപേക്ഷകൾ ഒരാഴ്ചയ്ക്കകം പരിശോധിച്ച് തീർപ്പാക്കാൻ സംസ്ഥാന ചീഫ് സെക്രട്ടറി ഉത്തരവിടണമെന്നും കോടതി നിർദ്ദേശം നൽകി. കോടതിയുടെ ഉത്തരവ് അവയവമാറ്റത്തിനായി കാത്തിരിക്കുന്നവർക്ക് പ്രതീക്ഷപകരുന്നതാണ്.

ഇക്കാര്യത്തിൽ വിവേചനം അരുതെന്ന് ബോധവത്‌കരിക്കാൻ കോടതി ഏവർക്കും മാതൃകയാക്കാവുന്ന ചില ചിന്തകൾകൂടി പങ്കുവച്ചു. പ്രധാനമായി ഉദ്ധരിച്ചത് മലബാറിലെ പൊട്ടൻതെയ്യം തോറ്റംപാട്ടിലടങ്ങിയ സന്ദേശമായിരുന്നു. മനുഷ്യശരീരത്തിലാകെ ഒഴുകുന്ന ചോരയുടെ നിറം ഒന്നാണെങ്കിലും ആവശ്യമില്ലാത്ത വലിപ്പച്ചെറുപ്പം വച്ചുപുലർത്തുന്നവർ പൊട്ടൻതെയ്യത്തിന്റെ തോറ്റംപാട്ട് ശ്രദ്ധിക്കണമെന്ന് അതിലെ വരികൾ വിധിന്യായത്തിൽ ഉൾപ്പെടുത്തി കോടതി നിരീക്ഷിക്കുന്നു. ശിവന്റെ അവതാരമാണ് പൊട്ടൻ തെയ്യമെന്നാണ് വിശ്വാസം. ജാതീയത ഉൾപ്പെടെ സാമൂഹിക തിന്മയെ ഇല്ലാതാക്കാനും മതസൗഹാർദ്ദം നിലനിറുത്താനുമാണ് പൊട്ടൻ തെയ്യം തോറ്റംപാട്ടിലൂടെ ശ്രമിക്കുന്നത്. കേരളത്തിലാകെ പൊട്ടൻതെയ്യം കളിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. സാംസ്ക്കാരികവകുപ്പുമന്ത്രി സജി ചെറിയാൻ ഇത് ശ്രദ്ധിക്കുമെന്ന് വിശ്വസിക്കാം.

കോടതിശിക്ഷ നേരിട്ടവർക്കും അവയവദാനത്തിന് അർഹതയുണ്ടെന്ന് സർക്കാർ ഉത്തരവുണ്ട്. അപ്പോൾ തീർപ്പുകല്‌പിക്കുന്ന സമിതികൾ മനുഷ്യത്വത്തോടെ പെരുമാറണം. മസ്തിഷ്‌കമരണം സംഭവിക്കുന്നവരുടെ അവയവദാനത്തിന് വഴിയൊരുക്കുന്ന മൃതസഞ്ജീവനി പദ്ധതിയിൽ തന്നെ സംസ്ഥാനത്ത് വൃക്കയ്ക്കായി 2024 പേരും കരളിനായി 643 പേരും ഹൃദയത്തിനായി അമ്പതുപേരും രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നുണ്ട്. ഈ പദ്ധതിയിൽ 2012 മുതൽ ഇതുവരെ 323 പേരുടെ അവയവങ്ങളിലൂടെ 913 പേർക്ക് പുതുജീവൻ ലഭിച്ചു. വളരെ ചെറിയ സംഖ്യയാണിത്.

ഈ പദ്ധതിക്കു പുറമെയാണ് സ്വമേധയാ അവയവദാനത്തിന് തയ്യാറാകുന്നവരുടെ അപേക്ഷകൾ പരിഗണിക്കുന്നത്. വലിയ ബോധവത്‌കരണമാവശ്യമായ ഈ രംഗത്ത് അധികൃതരുടെ അലിവോടെയുള്ള സമീപനം അനിവാര്യമാണ്. അടുത്തകാലത്ത് ഭർത്താവിന്റെ മസ്തിഷ്‌ക മരണത്തെതുടർന്ന് അവയവദാനത്തിന് സമ്മതപത്രം നൽകിയ യുവതിയുടെ പാദവന്ദനം നടത്തിയ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ന്യൂറോസർജറി വിഭാഗം മേധാവി ഡോ.എച്ച്.വി.ഈശ്വറിന്റെ നടപടി പരക്കെ പ്രശംസിക്കപ്പെട്ടിരുന്നു. കേരള ഹൈക്കോടതിയുടെ പരാമർശങ്ങൾ അവയവദാനത്തെ കൂടുതൽ പ്രോത്സാഹിപ്പിക്കുമെന്ന് പ്രത്യാശിക്കാം.

Advertisement
Advertisement