യുവാവിനെ വെട്ടിയ കേസിൽ രണ്ടുപേർ പിടിയിൽ

Thursday 02 September 2021 1:53 AM IST

എഴുകോൺ: വാക്കു തർക്കത്തെ തുടർന്ന് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതികളെ എഴുകോൺ പൊലീസ് പിടികൂടി. കടയ്ക്കോട് ലാൽ നിവാസിൽ ജയകൃഷ്ണനെ വെട്ടിയ കേസിലെ പ്രതികളായ ഇടയ്ക്കിടം അനീഷ് ഭവനിൽ അജിത് (38), ഇടയ്ക്കിടം കോടിയാട്ട് കിഴക്കത്തിൽ വീട്ടിൽ അനീഷ് (38) എന്നിവരാണ് അറസ്റ്റിലായത്. 30ന് ആയിരുന്നു സംഭവം.

ഉത്രാട ദിവസം ഇടയ്ക്കിടം ജംഗ്ഷനിലാണ് വാക്കുതർക്കമുണ്ടായത്. 30ന് വൈകിട്ട് കടയ്ക്കോട് ജംഗ്ഷനിൽ പെട്ടി ഓട്ടോറിക്ഷയുമായി നിന്ന ജയകൃഷ്ണനെ അജിത്ത്, അനീഷ്, മനീഷ്, വൈ. അനീഷ് എന്നിവർ ചേർന്ന് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. തലയ്കും കൈകളിലും ഗുരുതരമായി പരിക്കേറ്റ ജയകൃഷ്ണൻ തിരുവനന്തപുരം മെഡി. ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എഴുകോൺ എസ്.എച്ച്.ഒ ശിവപ്രസാദിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ അനീസ്, ജയപ്രകാശ്, ജോർജ് കുട്ടി, സന്തോഷ് കുമാർ, എ.എസ്.ഐമാരായ എസ്.നജീം, ശ്രീനിവാസൻ പിള്ള, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പ്രദീപ്, ഗിരിജ കുമാർ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ റിമാൻഡ് ചെയ്തു. മറ്റ് പ്രതികൾക്കുള്ള അന്വേഷണം ഊർജിതമാണെന്ന് പൊലീസ് പറഞ്ഞു.