അക്വേറിയത്തിൽ മോഷണം: ഒരാൾ അറസ്റ്റിൽ

Thursday 02 September 2021 2:02 AM IST

മലയിൻകീഴ്: മാങ്കുന്ന് ജോസ്‌ വില്ലയിൽ എം.ജി. സന്തോഷിന്റെ ഉടമസ്ഥതയിലുള്ള കൃപ അക്വേറിയത്തിൽ നിന്ന് വിവിധ ഇനം പ്രാവുകളും കിളികളും വിദേശ പൂച്ചയും മോഷ്ടിച്ച സംഘത്തിലെ ഒരാളെ മലയിൻകീഴ് പൊലീസ് പിടികൂടി. വള്ളക്കടവ് സ്വദേശി കഴക്കൂട്ടം ചന്തവിള തടത്തിൽ നൗഫൽ മൻസിലിൽ ആർ. റഹീഷ്ഖാനാണ് (29) പിടിയിലായത്.

കഴിഞ്ഞ ദിവസം രാത്രിയിലാണ് ഇരട്ട കലുങ്ക് ദുർഗാദേവീക്ഷേത്രത്തിന് സമീപത്തുള്ള കൃപാ അക്വേറിയത്തിൽ മോഷണം നടന്നത്. ചന്തവിളയ്ക്ക് സമീപത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. ഈ കേസിലെ ഒന്നാം പ്രതി ഷാരൂഖ്ഖാൻ ഒളിവിലാണ്. ഫോർട്ട്, ശംഖുംമുഖം, നേമം, വിഴിഞ്ഞം, കഴക്കൂട്ടം, വള്ളക്കടവ് എന്നീ സ്റ്റേഷനുകളിലായി 21 കേസുകൾ അറസ്റ്റിലായ റഹീഷ്ഖാനെതിരെയുണ്ട്. മോഷ്ടിച്ച പ്രാവുകളും കിളികളും ഉൾപ്പെടെയുള്ളവ ചന്തവിളയിലെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തി.