പാലായിൽ ഭവനസമുച്ചയവും സർക്കാർ അച്ചടിശാലയും

Friday 03 September 2021 12:00 AM IST

പാലാ: നഗരസഭാ പരിധിയിൽ ഫ്‌ളാറ്റ്‌നിർമ്മാണവും വിദ്യാഭ്യാസ വകുപ്പിന്റെ അച്ചടിശാലയും. എഴുപതിൽപ്പരം കുടുംബങ്ങൾക്ക് സുരക്ഷിത ഭവനങ്ങൾ നിർമ്മിച്ചു നൽകുന്നതിനാണ് രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ ലൈഫ്മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണം. കാനാട്ടു പാറയിലെ നഗരസഭാ വക സ്ഥലത്താണ് ഫ്‌ളാറ്റ് മോഡൽ ഭവന സമുച്ചയം വരിക. ഇന്നലെ നിർദ്ദിഷ്ട സ്ഥലം നഗരസഭാ ചെയർമാൻ ആന്റോ പടിഞ്ഞാറേക്കര , ആരോഗ്യസ്ഥിരം സമിതി ചെയർമാൻ ബൈജു കൊല്ലം പറമ്പിൽ, വൈസ് ചെയർപേഴ്‌സൺ സിജി പ്രസാദ്, വാർഡ് കൗൺസിലർ സതി ശശികുമാർ എന്നിവർ സന്ദർശിച്ചു.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സ്ഥലം സംബന്ധിച്ച നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. ലൈഫ് ഭവന പദ്ധതി പുനരാരംഭിക്കുമ്പോൾ പാലാ നഗരസഭയിൽ പൂർണ്ണമായ സ്ഥലസൗകര്യങ്ങൾ ഉറപ്പു വരുത്തുന്നതിനു വേണ്ടിയാണ് താലൂക്ക് സർവ്വേയറുടെ നേതൃത്വത്തിൽ വസ്തു അളന്ന് തിരിച്ച് ഇതുമായി ബന്ധപ്പെട്ട ഫയൽ വർക്കുകൾ പൂർത്തിയാക്കുന്നത്. അഞ്ചാം വാർഡ് കാനാട്ടുപാറയിൽ ഒരേക്കർ പതിനാറ് സെന്റ് സ്ഥലമാണ് ഇപ്പോൾ അളന്നു തിരിച്ചത്. റവന്യൂസർവ്വേയറുടെയും താലൂക്ക് സർവ്വേയർ എം.ആർ ബാബു, ജെ.എച്ച്. ഐ വിശ്വം, ഓവർസീയർ രാഹുൽ എന്നിവരുടെയും നേതൃത്വത്തിൽ ഇന്നലെ അളവ് പൂർത്തിയാക്കി. വിശദമായ പ്രൊജക്ട് റിപ്പോർട്ട് ലൈഫ് മിഷനിൽ സമർപ്പിക്കുമെന്ന് നഗരസഭാധികൃതർ അറിയിച്ചു.

 അച്ചടിശാലക്ക് 35 സെന്റ് സ്ഥലം
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സെന്റെർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗ് വിഭാഗത്തിന് അച്ചടിശാല സ്ഥാപിക്കുന്നതിന് 35 സെന്റ് സ്ഥലം കൂടി കാനാട്ടുപാറയിൽ നഗരസഭ വിട്ടു നൽകും. ഈ ഭാഗവും അളന്നു തിരിച്ചു. 200 ഒാളം പേർക്ക് സ്ഥിരം തൊഴിൽ ലഭിക്കുന്ന പദ്ധതിയാണിത്. അത്രയും തന്നെ കുടുബശ്രീ പ്രവർത്തകർക്ക് പാക്കിംഗ് വിഭാഗത്തിലും തൊഴിൽ ലഭിക്കും. കയറ്റിറക്കു തൊഴിലാളികൾ, ചരക്കു വാഹന ഉടമകൾ എന്നിവർക്കു പദ്ധതി പ്രയോജനം നൽകും.

പ്രിന്റിംഗ് ഉപകരണങ്ങളും കെട്ടിടവും ഉൾപ്പെടെ 25 കോടിയുടെതാണ് നിർദ്ദിഷ്ട പദ്ധതി. ഇതിനായുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

 കെട്ടിടം ഉൾപ്പെടെ 25 കോടിയുടെ പദ്ധതി

 200 ഒാളം പേർക്ക് സ്ഥിരം തൊഴിൽ

 200 ഒാളം പേർക്ക് അനുബന്ധതൊഴിൽ

Advertisement
Advertisement