ഇതൊരു ചെറിയ കാര്യമല്ല, അവർ ബിജെപി സർക്കാരിനെ ഭയപ്പെടുന്നു, മോദിയുടെ വരവിനുശേഷം ഒരു വൻ ഭീകരാക്രമണം പോലും നടന്നിട്ടില്ലെന്ന് രാജ്നാഥ് സിംഗ്

Thursday 02 September 2021 9:15 PM IST

ന്യൂഡൽഹി: നരേന്ദ്ര മോദി 2014ൽ അധികാരമേറ്റതിനു ശേഷം രാജ്യത്ത് ഒരു വലിയ ഭീകരാക്രമണം പോലും നടന്നിട്ടില്ലെന്നും കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിനെ ഭീകരർ ഭയപ്പെടുന്നുണ്ടെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ് അവകാശപ്പെട്ടു. നർമ്മദ ജില്ലയിലെ കെവാഡിയയിൽ പാർട്ടിയുടെ ത്രിദിന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിന്റെ രണ്ടാം ദിവസം ഗുജറാത്ത് ബി.ജെ.പി നേതാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്തുതന്നെയായാലും, ഞങ്ങൾ ഭീകരരെ വിജയിക്കാൻ അനുവദിക്കില്ല. ജമ്മു കാശ്മീരിനെപ്പറ്റി മറന്നേക്കൂ, മോദിജിയുടെ വരവിനു ശേഷം രാജ്യത്തിന്റെ ഒരു ഭാഗത്തും വലിയ ഭീകരാക്രമണം നടന്നിട്ടില്ല. ഇതാണ് ഞങ്ങളുടെ പ്രധാനനേട്ടം. തീവ്രവാദികൾ ഇപ്പോൾ ബി.ജെ.പി സർക്കാരിനെ ഭയപ്പെടുന്നതായി തോന്നുന്നു. ഇതൊരു ചെറിയ കാര്യമല്ലെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

തങ്ങളുടെ സുരക്ഷിത താവളങ്ങളിൽ പോലും തങ്ങൾ സുരക്ഷിതരല്ലെന്ന് ഭീകരർ ഇപ്പോൾ തിരിച്ചറിയുന്നു. ഉറി ആക്രമണത്തിന് ശേഷം നമ്മൾ ചെയ്തത്, (പാകിസ്ഥാനിൽ സർജിക്കൽ സ്ട്രൈക്ക്) ഇവിടെയും ആവശ്യമെങ്കിൽ അതിർത്തി കടന്നും നമുക്ക് ഭീകരരെ കൊല്ലാൻ കഴിയുമെന്ന് ലോകത്തിന് വ്യക്തമായ സന്ദേശം നൽകിയെന്നും രാജ്നാഥ് സിം​ഗ് കൂട്ടിച്ചേർത്തു.

Advertisement
Advertisement