ഇസ്ലാമിക പ്രദേശങ്ങളുടെ വിമോചനത്തിനായി ആഗോള ജിഹാദ് പ്രഖ്യാപിച്ച് അൽഖ്വയ്‌ദ,​ പട്ടികയിൽ കാശ്മീരും,​ പിന്നിൽ പാകിസ്ഥാനെന്ന് ഇന്ത്യ

Thursday 02 September 2021 10:27 PM IST

ന്യൂഡൽഹി∙ ‘ഇസ്ലാമിക പ്രദേശങ്ങളുടെ’ വിമോചനത്തിനായി ‘ആഗോള ജിഹാദ്’ പ്രഖ്യാപിച്ച് ഭീകരസംഘടനയായ അൽഖ്വയ്‌ദ. കാശ്‌മീരും അൽഖ്വയ്‌ദയുടെ പട്ടികയിൽ ഉണ്ടെന്നാണ് റിപ്പോർട്ട്. പാകിസ്ഥാനാണ് അൽഖ്വയ്‌ദയുടെ പട്ടികയിൽ കാശ്മീരും ഇടം നേടാൻ കാരണമെന്നാണ് ഇന്ത്യ വ്യക്തമാക്കിയത്. അതേസമയം റഷ്യയിലെ ചെച്‌നിയ, ചൈനയിലെ ഷിൻജിയാംഗ് എന്നിവയെ ജിഹാദ് പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതിന് പിന്നിലും ആസൂത്രിത നീക്കമുണ്ടെന്നാണ് ഇന്ത്യ വിശദമാക്കുന്നത്.

കാശ്മീർ ഒരിക്കലും താലിബാന്റെ അജൻഡയിൽ ഇല്ലാത്തതിനാൽ പട്ടികയിൽ ഉൾപ്പെട്ടതിന് പിന്നിൽ പാകിസ്ഥാൻ ചാരസംഘടനയായ ഐ.എസ്.ഐയാണ്. ലഷ്‌കറെ തയ്ബ, ജെയ്ഷെ മുഹമ്മദ് തുടങ്ങിയ പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരസംഘടനകൾക്ക് ഇന്ത്യയിൽ ആക്രമണം നടത്താൻ ഇതു കൂടുതൽ ആത്മവിശ്വാസം പകരുമെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

അൽഖായിദ തലവൻ അയ്മൻ അൽ സവാഹിരി പാക്ക് നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നതെന്ന് ഇതോടെ വ്യക്തമായതായും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു,​ താലിബാന്റെ പരമോന്നത നേതാവ് ഹിബാത്തുല്ല അഖുൻഡസാദ് പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ പിടിയിലാണെന്നാണ് സൂചന

ഭീകരരെ പരിശീലിപ്പിക്കാനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുമുള്ള പുതിയ താവളമായിട്ടാണ് അഫ്ഗാനിസ്ഥാനെ പാകിസ്ഥാൻ കാണുന്നതെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു.

Advertisement
Advertisement