തലസ്ഥാനത്തെ ചുമരുകൾ കാൻവാസുകളായി തിളങ്ങും

Friday 03 September 2021 12:00 AM IST

 ആർട്ടീരിയ മൂന്നാം എഡിഷന് തുടക്കം

തിരുവനന്തപുരം: നഗരത്തിലെ ചുമരുകളെ വർണാഭമാക്കുന്ന ആർട്ടീരിയയുടെ മൂന്നാം എഡിഷന് ഗംഭീര തുടക്കം. ഓരോ ചിത്രകാരനും ഭാവനയ്‌ക്ക് അനുസരിച്ചുള്ള ചിത്രങ്ങൾക്കായി ചുമരുകൾ ടൂറിസം വകുപ്പ് വിട്ടുനൽകിയിരിക്കുകയാണ്. ചുമരുകളുടെ സ്വഭാവം,വലിപ്പം, ചരിവ് എന്നിവ സൂക്ഷ്മമായി നിരീക്ഷിച്ചാണ് ചിത്രകാരന്മാർ സ്വതന്ത്ര സൃഷ്‌ടികൾ ഒരുക്കുന്നത്.

രാജ്യത്തെ പ്രശ‌സ്‌ത സ്ട്രീറ്റ് ആർട്ടിസ്റ്റ് അൻപു വർക്കിയുടെ സാന്നിദ്ധ്യമാണ് മൂന്നാം എഡിഷനിലെ പ്രധാന ആകർഷണം. പാളയം അടിപ്പാതയുടെ ഇരുവശത്തുമായാണ് അൻപുവിന്റെ കലാവിരുത് കാണാനാകുക. തൊട്ടടുത്ത് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നതിനാൽ സ്‌പോർട്‌സിന് മുൻതൂക്കം നൽകിയാണ് പെയിന്റിംഗ്. ചിത്രം വരയിലൂടെ അടിപ്പാതയുടെ രണ്ട് ചുമരുകൾ തമ്മിലുള്ള അന്തരം കുറയ്‌ക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞ അൻപു സസ്‌പെൻസ് പൊട്ടിക്കാൻ ഇതുവരെ തയ്യാറായിട്ടില്ല. മുഖാമുഖം നിൽക്കുന്ന കളിക്കാർ എന്നുമാത്രമാണ് അൻപു നൽകുന്ന സൂചന.

ക്രെയിനിൽ കയറി നിന്നാണ് അൻപുവിന്റെ ചിത്രംവര പുരോഗമിക്കുന്നത്. ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകളോട് ചേർന്ന് നിൽക്കുന്ന ചിത്രങ്ങളാണ് അൻപു വരയ്‌ക്കുക. കോട്ടയം സ്വദേശിനിയാണെങ്കിലും വളർന്നത് ബംഗളൂരുവിലാണ്. ബറോഡ, ലണ്ടൻ എന്നിവിടങ്ങളിൽ നിന്നായി ഫൈൻ ആർട്‌സിലും പെയിന്റിംഗിലും മാസ്റ്റേഴ്‌സ് ഡിഗ്രിയെടുത്ത അൻപുവിന്റെ ചിത്രങ്ങൾ ഇന്ത്യയിലെ വിവിധ നഗരങ്ങളുടെ ചുമരുകളിൽ ഇടംനേടിയിട്ടുണ്ട്.

പാളയത്തിന് പുറമെ സെന്റ് ജോസഫ് സ്‌കൂളിലെ ചുമരിൽ നഗരജീവിതവും മ്യൂസിയം കോമ്പൗണ്ടിലെ മതിലിൽ മൃഗശാലയും തെളിയും. ആക്കുളത്ത് വനിതകളുടെ പൊതുഇടങ്ങളിലെ സാന്നിദ്ധ്യമാണ് ചിത്രംവരയ്‌ക്ക് വിഷയമാകുന്നത്. പി.എസ്. ജലജ, കെ.പി. അജയ് പനയൽ, അഖിൽ വിനോദ്, സി. രമിത്, സംഗീത് സിദ്ധാർത്ഥി, അൻസാർ മംഗലത്തോപ്പ്, അനു റെൻസി ഫ്രാൻസിസ്, ബബിത കടന്നപ്പള്ളി, തുഷാര ബാലകൃഷ്‌ണൻ, വിവേക്, വിഷ്‌ണു തുടങ്ങി 19 കലാകാരന്മാരാണ് ചിത്രങ്ങൾ വരയ്‌ക്കുന്നത്.

56 ലക്ഷം രൂപയുടെ പദ്ധതി

ആർട്ടീരിയയുടെ മൂന്നാം എഡിഷന്റെ പദ്ധതിച്ചെലവ് 56 ലക്ഷം രൂപയാണ്. 25 കലാകാരന്മാരുടെ നേതൃത്വത്തിൽ 2015ലാണ് ആർട്ടീരിയയുടെ ആദ്യ എഡിഷൻ ആരംഭിച്ചത്. തലസ്ഥാന നഗരത്തിലെ മതിലുകൾ പോസ്​റ്റർ പതിച്ചും മറ്റും വൃത്തിഹീനമായി കിടന്ന സമയത്ത് ജില്ലാ കളക്‌ടറായിരുന്ന ബിജു പ്രഭാകറാണ് ആർട്ടീരിയ എന്ന ആശയം മുന്നോട്ടുവച്ചത്​. സ്റ്റീൽ ഇൻ‌‌ഡസ്‌ട‌്രീയൽസ് ലിമിറ്റഡ് കേരള മുഖേന അദ്ദേഹം സമർപ്പിച്ച പദ്ധതി നിർദ്ദേശം ടൂറിസം വകുപ്പ് അംഗീകരിക്കുകയായിരുന്നു.

'നഗരത്തിലെ ചുമരുകളെ മനോഹരമാക്കുക എന്നതിനൊപ്പം പെയിന്റിംഗ് കലയെ സാധാരണക്കാരന് പരിചയപ്പെടുത്തുക കൂടിയാണ് ആർട്ടീരിയയുടെ ലക്ഷ്യം.'

അജിത്ത് കുമാർ. ജി, ക്യൂറേറ്റർ

Advertisement
Advertisement