സർക്കാർ പ്രഖ്യാപനം ഇന്ന്, ചൈന - താലിബാൻ ഭായി ഭായി

Saturday 04 September 2021 12:00 AM IST

കാബൂൾ: ചൈനയായിരിക്കും തങ്ങളുടെ ഏറ്റവും പ്രധാന പങ്കാളിയെന്നും അഫ്ഗാനിസ്ഥാന്റെ പുനരുദ്ധാരണത്തിന് ചൈനയെയാണ് ഉറ്റുനോക്കുന്നതെന്നും താലിബാൻ പ്രഖ്യാപിച്ചു.

അഫ്ഗാനിസ്ഥാനിൽ താലിബാൻ സർക്കാർ പ്രഖ്യാപനം ഇന്നത്തേക്ക് മാറ്റിയതിനിടെയാണ് ഇന്ത്യയെ അസ്വസ്ഥമാക്കുന്ന പ്രഖാപനം. യുദ്ധത്തിൽ തകർന്ന അഫ്ഗാനിസ്ഥാൻ രൂക്ഷമായ പട്ടിണിയുടെയും സാമ്പത്തിക തകർച്ചയുടെയും വക്കിൽ നിൽക്കെ ചൈനയെ മുഖ്യ പങ്കാളിയാക്കുന്നത് അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ താൽപര്യങ്ങൾക്ക് വെല്ലുവിളിയാകും.

ഞങ്ങളുടെ രാജ്യത്തെ പുനരുദ്ധരിക്കാനും ഇവിടെ നിക്ഷേപം നടത്താനും ചൈന തയ്യാറാണ്. ഇത് അസാധാരണ അവസരമാണ്. രാജ്യത്തെ ചെമ്പ് ഖനികൾ ആധുനികവൽക്കരിക്കാൻ ചൈനയ്‌ക്ക് കഴിയും. ചൈനയെ ഏഷ്യയും ആഫ്രിക്കയും യൂറോപ്പുമായി ബന്ധിപ്പിക്കുന്ന വൺ ബെൽറ്റ് വൺ റോഡ് പദ്ധതിയെ തങ്ങൾ പിന്തുണയ്‌ക്കുന്നു. ലോക വിപണികളിലേക്കുള്ള തങ്ങളുടെ പാത

ചൈനയിലൂടെയാണെന്നും താലിബാൻ വക്താവ് സബിഹുള്ള

മുജാഹിദ് ഒരു ഇറ്റാലിയൻ പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ചൈനയെ പോലെ തന്നെ റഷ്യയെയും പ്രധാന പങ്കാളിയായാണ് തങ്ങൾ കാണുന്നതെന്നും റഷ്യയുമായി നല്ല ബന്ധം പുലർത്തുമെന്നും മുജാഹിദ് പറഞ്ഞു.

അഫ്ഗാനിസ്ഥാനിൽ താലിബാൻ ആധിപത്യം സ്ഥാപിച്ചതു മുതൽ ചൈന അവർക്ക് അനുകൂലമായ പ്രസ്താവനകൾ നടത്തി വരികയായിരുന്നു.

മുല്ലാ ബരാദർ ഭരണത്തലവൻ ?

പുതിയ സർക്കാരിൽ മതനേതാവായ ഹൈബത്തുള്ള അഖുന്ദ്‌സാദ പരമോന്നത നേതാവും താലിബാൻ സഹസ്ഥാപകനായ മുല്ല അബ്ദുൾ ഘനി ബരാദർ ഭരണത്തലവനുമാകുമെന്ന് സൂചനയുണ്ട്. ദോഹയിലെ താലിബാന്റെ രാഷ്‌ട്രീയ കാര്യ ഓഫീസിന്റെ മേധാവി കൂടിയാണ് മുല്ല ബരാദർ.

ഇസ്ലാമിക റിപ്പബ്ലിക്കായ ഇറാനിലെ പ്രസിഡൻഷ്യൽ സർക്കാരിന്റെ ഘടനയായിരിക്കും താലിബാൻ സർക്കാരിനും എന്നാണ് സൂചന. ഇറാനിലെ പരമോന്നത നേതാവ് അലി ഖമേനിയെ പോലെ പ്രസിഡന്റിനും മുകളിലായിരിക്കും ഹൈബത്തുള്ള അഖുന്ദ്‌സാദയുടെ സ്ഥാനം. പുതിയ സർക്കാരിന്റെ മതപരമായ കാര്യങ്ങളും ഇസ്ലാമിന്റെ ചട്ടക്കൂടിനകത്തു നിന്നുള്ള ഭരണ നിർവഹണവും അദ്ദേഹം ശ്രദ്ധിക്കും. സൈനിക മേധാവിമാരെ ഉൾപ്പെടെ ഉന്നത നിയമനങ്ങൾ നടത്താനുള്ള അധികാരവും അദ്ദേഹത്തിനായിരിക്കും.

അന്തരിച്ച താലിബാൻ സ്ഥാപകൻ മുല്ല ഒമറിന്റെ പുത്രൻ മുല്ല മുഹമ്മദ് യാക്കൂബ്,​​ ഷേർ മുഹമ്മദ് അബ്ബാസ് സ്റ്റാനെക്‌സായി എന്നിവർ പുതിയ സർക്കാരിൽ ഉന്നത പദവികളിൽ ഉണ്ടാവും.

പുതിയ സർക്കാരിനെ പ്രഖ്യാപിക്കാനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണെന്നും ഉന്നത നേതാക്കളെല്ലാം കാബൂളിൽ എത്തിയിട്ടുണ്ടെന്നും താലിബാൻ വ‌ൃത്തങ്ങൾ അറിയിച്ചു.

അതേസമയം, വടക്കൻ സഖ്യം താലിബാനെ ചെറുത്തു നിൽക്കുന്ന പഞ്ച്ഷീറിൽ രൂക്ഷമായ പോരാട്ടം തുടരുകയാണ്. വിമത സേനയുടെ വെല്ലുവിളി അതിജീവിക്കാൻ താലിബാൻ ബുദ്ധിമുട്ടുകയാണെന്ന് റിപ്പോർട്ടുണ്ട്.

കാശ്‌മീരിലെ മുസ്ലീങ്ങൾക്കായി
ശബ്ദമുയർത്തും : താലിബാൻ

കാബൂൾ:കാശ്‌മീരിൽ ഉൾപ്പെടെ എവിടെയുമുള്ള മുസ്ലീങ്ങൾക്കു വേണ്ടി ശബ്ദമുയർത്താൻ തങ്ങൾക്ക് അധികാരമുണ്ടെന്ന് താലിബാൻ പ്രഖ്യാപിച്ചതിൽ ആശങ്കയുമായി ഇന്ത്യ. അഫ്ഗാനിസ്ഥാനെ മോചിപ്പിച്ചതു പോലെ മറ്റ് മുസ്ലീം പ്രദേശങ്ങളെയും മോചിപ്പിക്കാൻ അൽക്വ ഇദ ഭീകരഗ്രൂപ്പ് കഴിഞ്ഞ ദിവസം മുസ്ലീങ്ങളെ ആഹ്വാനം ചെയ്‌തതിന് പിന്നാലെയാണ് താലിബാന്റെ പ്രഖ്യാപനം. കാശ്‌മീരും ജിഹാദി ലിസ്റ്റിൽ ഉണ്ടെന്ന സൂചനയായിരുന്നു അൽ ക്വ ഇദയുടെ ആഹ്വാനം.

ദോഹയിലെ താലിബാൻ രാഷ്‌ട്രീയകാര്യ ഓഫീസിലെ വക്താവ് സുഹൈൽ ഷാഹീൻ കഴിഞ്ഞ ദിവസം ബി. ബി. സിക്ക് നൽകിയ വിഡിയോ ഇന്റർവ്യൂവിലാണ് ഇന്ത്യയെ അസ്വസ്ഥമാക്കുന്ന പ്രഖ്യാപനം.

എവിടെയുമുള്ള മുസ്ലീങ്ങൾക്കു വേണ്ടി ഞങ്ങൾ ശബ്ദമുയർത്തും. മുസ്ലീങ്ങൾ നിങ്ങളുടെ സ്വന്തം ജനതയാണ്,​ നിങ്ങളുടെ സ്വന്തം പൗരന്മാരാണ്,​ നിങ്ങളുടെ നിയമപ്രകാരം തുല്യാവകാശങ്ങൾക്ക് അവർക്ക് അർഹതയുണ്ട് എന്ന് ഞങ്ങൾ പറയും. കാശ്മീരിലും മറ്റ് ഏത് രാജ്യത്തും ജീവിക്കുന്ന മുസ്ലീങ്ങൾക്കു വേണ്ടി സംസാരിക്കാൻ മുസ്ലീങ്ങൾ എന്ന നിലയിൽ താലിബാന് അവകാശമുണ്ട്. അതേസമയം, ഒരു രാജ്യത്തിനെതിരെയും സൈനിക ഓപ്പറേഷൻ നടത്താൻ താലിബാന് ഉദ്ദേശ്യമില്ലെന്നും അമേരിക്കയുമായുള്ള ദോഹ കരാറിലെ വ്യവസ്ഥകൾ ചൂണ്ടിക്കാട്ടി സുഹൈൽ ഷാഹീൻ പറഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്‌ച ഖത്തറിലെ ഇന്ത്യൻ അംബാസ‌ഡർ ദീപക് മിത്തൽ ദോഹയിലെ താലിബാന്റെ രാഷ്‌ട്രീയ കാര്യ ഓഫീസ് മേധാവി ഷേർ മുഹമ്മദ് അബ്ബാസ് സ്റ്റാനെക്‌സായിയുമായി നടത്തിയ ചർച്ചയിൽ അഫ്ഗാൻ മണ്ണിൽ നിന്ന് ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവർത്തനം ഉണ്ടാകരുതെന്ന് ആവശ്യപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് ലോകരാഷ്‌ട്രങ്ങൾ കരുതലോടെ കാണുന്ന കാശ്‌മീരിനെ പറ്റിയുള്ള താലിബാന്റെ പൊള്ളുന്ന പ്രസ്താവന വന്നിരിക്കുന്നത്.

Advertisement
Advertisement