പ്ലസ് വൺ പരീക്ഷയ്ക്ക് ഒരാഴ്ച സ്റ്റേ

Friday 03 September 2021 11:32 PM IST

ന്യൂഡൽഹി: സെപ്തംബർ ആറിന് ആരംഭിക്കുന്ന പ്ലസ് വൺ പരീക്ഷ സുപ്രീം കോടതി ഒരാഴ്ചത്തേക്ക് സ്‌റ്റേ ചെയ്തു. ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, ഋഷികേശ് റോയ്, സി.ടി. രവികുമാർ എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റേതാണ് നടപടി. പരീക്ഷ നടത്താനുള്ള സർക്കാരിന്റെ തീരുമാനത്തിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ച സാഹചര്യത്തിൽ എ. റസൂൽ ഷാനാണ് സുപ്രീം കോടതിയെ സമീപിച്ചത്.

കേരളത്തിൽ കൊവിഡ് കുതിപ്പ് തുടരുകയാണെന്ന് ബെഞ്ച് നിരീക്ഷിച്ചു. രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ 70 ശതമാനം കേരളത്തിലാണ്. ഈ സാഹചര്യളൊന്നും പരിഗണിക്കാതെയുള്ള തീരുമാനത്തിൽ കോടതി അമ്പരപ്പ് പ്രകടിപ്പിച്ചു. പരീക്ഷയ്ക്കെത്തുന്ന ഒരു കുട്ടിയ്ക്ക് പോലും കൊവിഡ് വരില്ലെന്ന് ഉറപ്പ് നൽകാൻ ആകുമോയെന്ന് ബെഞ്ച് ആരാഞ്ഞു. അക്കാര്യത്തിൽ ഉറപ്പ് നൽകാനാകില്ലെന്ന് സ്റ്റാൻഡിംഗ് കോൺസൽ മറുപടി നൽകി. തുടർന്ന് കേസ് വീണ്ടും പരിഗണിക്കുന്ന 13 വരെ പരീക്ഷ സ്റ്റേ ചെയ്യുകയാണെന്ന് കോടതി വ്യക്തമാക്കി.

''

കോടതി വിധി നടപ്പാക്കും. ആവശ്യപ്പെട്ട വിവരങ്ങൾ 13നകം കൈമാറും. അന്തിമ വിധിക്ക് ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കും.

വി. ശിവൻകുട്ടി

പൊതു വിദ്യാഭ്യാസ മന്ത്രി

Advertisement
Advertisement