സിന്ധുവിനെ കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ച്,​ ക്രൂരമർദ്ദനത്തിൽ വാരിയെല്ലുകൾ പൊട്ടി,​ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

Saturday 04 September 2021 8:57 PM IST

ഇടുക്കി: പണിക്കൻകുടി കൊലപാതകത്തിലെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനങ്ങൾ പുറത്തുവന്നു. സിന്ധുവിനെ ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. സിന്ധുവിന് ക്രൂരമായി മർദ്ദനമേറ്റിരുന്നുവെന്നും മർദ്ദനത്തെതുടർന്ന് വാരിയെല്ലുകൾ പൊട്ടിയിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.

വിശദമായ പോസ്റ്റ് മോർട്ടം റിപ്പോർട്ട് രണ്ട് ദിവസത്തിനകം ലഭിക്കുമെന്നും പൊലീസ് അറിയിച്ചു. പ്രതിയെ കണ്ടെത്തുന്നതിനായി സമഗ്രമായ അന്വേഷണമാണ് നടത്തുന്നത്. ഇടുക്കി ഡിവൈഎസ്പി യുടെ നേതൃത്വത്തിൽ മൂന്ന് സംഘങ്ങളായാണ് അന്വേഷണം നടത്തുന്നത്. സംസ്ഥാനതിനകത്തും പുറത്തും വ്യാപക തെരച്ചിൽ തുടങ്ങിയതായും പൊലീസ് വ്യക്തമാക്കി.

അതേസമയം പൊലീസ് നായ മണം പിടിച്ചെത്താതിരിക്കാൻ വിദഗ്ദ്ധമായ ആസൂത്രണമാണ് പ്രതി തടത്തിയത് മൃതദേഹം പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞ ശേഷമാണ് അടുക്കളയിൽ കുഴിച്ചുമൂടിയത്. അന്വേഷണമുണ്ടായാൽ പൊലീസ് നായ മണം പിടിച്ചെത്താതിരിക്കാൻ കുഴിയിലാകെ മുളക് പൊടി വിതറി. വസ്ത്രം പൂർണമായും മാറ്റിയിട്ടുണ്ട്. മൃതദേഹം ഇന്ന് രാവിലെ പുറത്തെടുത്തു. കാണാതായ സിന്ധുവിന്റേത് തന്നെയാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞിരുന്നു.