യു.പിയിൽ ബി.ജെ.പി തുടരുമെന്ന് സർവെ

Sunday 05 September 2021 12:33 AM IST

ന്യൂഡൽഹി: അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ യു.പി, ഉത്തരാഖണ്ഡ്, ഗോവ എന്നിവിടങ്ങളിൽ ബി.ജെ.പി അധികാരം നിലനിറുത്തുമെന്ന് എ.ബി.പി-സി വോട്ടർ സർവെ പ്രവചിച്ചു. പഞ്ചാബിൽ ആംആദ്മി പാർട്ടി മികച്ച പ്രകടനം നടത്തി ഭൂരിപക്ഷത്തിന് അടുത്തെത്തുമെന്നും സർവെ ഫലങ്ങൾ സൂചിപ്പിക്കുന്നു.

2017ൽ യു.പിയിൽ ബി.ജെ.പിക്ക് ലഭിച്ച 41 ശതമാനം വോട്ടിൽ വലിയ കുറവുണ്ടാകില്ലെന്നും 263 സീറ്റുകളിൽ ജയിക്കുമെന്നുമാണ് സർവെ ഫലം. 2017ൽ ബി.ജെ.പിക്ക് യു.പിയിൽ 325 സീറ്റുകൾ ലഭിച്ചിരുന്നു. 30ശതമാനം വോട്ട് നേടി സമാജ്‌വാദി മികച്ച പ്രകടനം നടത്തും. എന്നാൽ ബി.എസ്.പി തിരിച്ചടി നേരിടും. കോൺഗ്രസിനും സാദ്ധ്യത കാണുന്നില്ല.

പഞ്ചാബിൽ ആംആദ്മിപാർട്ടിക്ക് 51-57 സീറ്റുകൾ ലഭിക്കുമെന്നാണ് സർവെ പ്രവചിക്കുന്നത്. 59 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. കോൺഗ്രസിന് 46വരെ സീറ്റുകളും അകാലിദളിന് 24വരെ സീറ്റുകളും ലഭിച്ചേക്കാമെന്നും സർവെ പറയുന്നു. ബി.ജെ.പി നിറംമങ്ങുമെന്നാണ് മറ്റൊരു സൂചന.

ഗോവയിൽ ബി .ജെ.പി സഖ്യം 26വരെ സീറ്റുകൾ നേടുമെന്നാണ് സർവെ. കോൺഗ്രസിന് 7 സീറ്റുകൾ വരെയാണ് സാദ്ധ്യത. 70 അംഗ ഉത്തരാഖണ്ഡ് നിയമസഭയിൽ 44-48 സീറ്റുകളാണ് ബി.ജെ.പിക്ക് പ്രവചിക്കുന്നത്. കോൺഗ്രസ് 23ൽ താഴെ ഒതുങ്ങുമെന്നും പറയുന്നു. മണിപ്പൂരിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നും ബി.ജെ.പി സഖ്യം 60 അംഗ നിയമസഭയിൽ 36വരെ സീറ്റുകൾ നേടാനിടയുണ്ടെന്നും സർവെയിൽ കണ്ടെത്തി.

Advertisement
Advertisement