മാമം നദീതീരത്ത് തണലായി സായിഗ്രാമത്തിന്റെ മുളവനം

Sunday 05 September 2021 2:09 AM IST

തിരുവനന്തപുരം: പ്രകൃതി സംരക്ഷണമെന്ന സന്ദേശവുമായി തോന്നയ്‌ക്കൽ സായിഗ്രാമം മാമം നദീതിരത്ത് നട്ടുവളർത്തിയ 10000ത്തോളം മുളകൾ നാടിന് തണലൊരുക്കുന്ന മുളവനമായി മാറി. ഏകദേശം 900 മീറ്റർ നീളത്തിലുള്ള ഈ മുളംകാടുകൾക്കിടയിലൂടെയാണ് സായിഗ്രാമത്തിലേക്കുള്ള രണ്ടാമത്തെ പ്രവേശന കവാടത്തിലേക്ക് എത്തേണ്ടത്.

2019ൽ ശ്രീസത്യസായി ഓർഫനേജ് ട്രസ്റ്റ് കേരളയുടെ സിൽവർ ജൂബിലി ഉദ്ഘാടനം ചെയ്യാനെത്തിയ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ വാക്കുകൾ ഇങ്ങനെ - 'ഇത്രയും മനോഹരമായ ഒരു മുളവനം ഞാൻ കണ്ടിട്ടില്ല, സായിഗ്രാമത്തെക്കുറിച്ച് ഓർത്ത് അഭിമാനിക്കുന്നു.'

2005 മുതലുള്ള നിരന്തര പരിശ്രമത്തിന്റെ ഫലമാണ് ഈ അതിമനോഹരമായ മുളവനം. മുളകളെ പരിപാലിക്കാൻ സായിഗ്രാമം പ്രത്യേക ശ്രദ്ധപുലർത്തിയിരുന്നു. പ്രളയം ദുരന്തംവിതച്ച വയനാട്ടിൽ ദുരന്ത തീവ്രത കുറച്ചത് നദീതീരങ്ങളിൽ വളർത്തിയിരുന്ന ഗഡുവ ഇനത്തിൽപ്പെട്ട മുളകളാണെന്ന പഠനങ്ങളുടെ അടിസ്ഥാനത്തിൽ വിപുലമായ രീതിയിൽ മുള നട്ടുപിടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സായിഗ്രാമം അധികൃതർ.

'ശ്വസിക്കാൻ പ്രാണവായുവും കുടിക്കാൻ വെള്ളവും കഴിക്കാൻ ഭക്ഷണവും നൽകുന്ന അമ്മയാണ്

പ്രകൃതിയെന്ന സത്യം മനസിലാക്കിയാണ് സായിഗ്രാമം മുളകൾ നട്ടുവളർത്തി സംരക്ഷിക്കുന്നത്.'

-കെ.എൻ.ആനന്ദകുമാർ,

എക്‌സിക്യുട്ടീവ് ഡയറക്ടർ,

സായിഗ്രാമം

Advertisement
Advertisement