മുകളിലെ ഡാമുകൾ നിറഞ്ഞുതന്നെ, പെരിങ്ങൽക്കുത്തിൽ ജലവിതാനം കുറവ്, ചാലക്കുടിപ്പുഴക്ക് തൽക്കാലം ഭീഷണിയില്ല

Sunday 05 September 2021 2:34 AM IST

ചാലക്കുടി: ഡാമുകൾ നിറഞ്ഞു കിടക്കുന്ന അവസ്ഥയാണെങ്കിലും മഴ ശക്തമല്ലാത്തതിനാൽ ചാലക്കുടിപ്പുഴക്ക് താൽക്കാലികമായി ഭീഷണിയില്ല. ഷട്ടറുകളെല്ലാം തുറന്നിട്ടിരിക്കുന്ന പെരിങ്ങൽക്കുത്ത് ഡാമിൽ ഇപ്പോൾ കാര്യമായി വെള്ളമില്ല. പറമ്പിക്കുളം ഡാമിൽ നിന്നും ക്രമാതീതമായി വെള്ളം വിടുകയാണെങ്കിൽ മാത്രമാണ് പെരിങ്ങൽക്കുത്തിന് ഭീഷണിയാവുക.

ശനിയാഴ്ച വൈകീട്ട് മുതൽ പറമ്പിക്കുളത്തു നിന്നും സെക്കന്റിൽ 200 ഘന. അടി വെള്ളം വിട്ടുതുടങ്ങി. ഇതു 2000 ഘന. അടിയിൽ കൂടുതൽ വിടുന്ന സാഹചര്യമുണ്ടായാൽ പുഴയിലെ വെള്ളം കൂടുതൽ ഉയരും. 3290 അടി സംഭരണ ശേഷിയുള്ള തമിഴ്‌നാട് ഷോളയാർ ഡാമിൽ ജലനിരപ്പ് 101 ശതമാനമാണ്. ഇവിടുത്തെ അധിക ജലം പറമ്പിക്കുളത്തേയ്ക്കും വിടുന്നുണ്ട്. കേരള ഷോളയാറിൽ ഇതിനകം 99 ശതമാനം വെള്ളമായിട്ടുണ്ട്.

പറമ്പിക്കുളം ആളിയാർ കരാർ പ്രകാരം തമിഴ്‌നാട് സർക്കാർ സെപ്തംബർ ഒന്നിന് ഷോളയാർ ഡാം നിറച്ചിരുന്നു. 18 മെഗാ വാട്ടിന്റെ മൂന്ന് ജനറേറ്ററുകളാണ് ഷോളയാറിൽ പ്രവർത്തിക്കുന്നത്. ഇതിനു ശേഷമുള്ള വെള്ളമാണ് പ്രധാനമായും ചാലക്കുടിപ്പുഴയിൽ എത്തുന്നത്. അടുത്ത രണ്ടു ദിവസങ്ങളിൽ തുടർച്ചയായി കനത്ത മഴയുണ്ടെങ്കിലേ ചാലക്കുടിപ്പുഴയിൽ വെള്ളപ്പൊക്ക ഭീഷണിയുള്ളൂ.

Advertisement
Advertisement