സീരിയലുകൾക്ക് അവാർഡ് കൊടുക്കാതിരുന്ന ജൂറിക്കും, ആ തീരുമാനം അംഗീകരിച്ച സർക്കാരിനും കൈയടിച്ച് ഡബ്ല്യു സി സി

Monday 06 September 2021 4:38 PM IST

തിരുവനന്തപുരം : ഇക്കുറി സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ മികച്ച സീരിയലിന് അവാർഡ് നൽകേണ്ട എന്ന തീരുമാനമാണ് ജൂറി കൈക്കൊണ്ടത്. സീരിയലുകളിൽ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്നു എന്ന കണ്ടെത്തലാണ് ഇതിന് കാരണമായി പറഞ്ഞത്. ഈ തീരുമാനത്തെ സ്വാഗതം ചെയ്തും വിമർശിച്ചും നിരവധി പേർ രംഗത്ത് വന്നിരുന്നു. ഈ വിഷയത്തിൽ പ്രതികരണവുമായി വനിത സിനിമ പ്രവർത്തകരുടെ സംഘടനയായ ഡബ്യൂ സി സിയും പ്രതികരിച്ചിരിക്കുകയാണ്.

ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള പ്രതികരണത്തിൽ മികച്ച സീരിയൽ അവാർഡുകൾ വേണ്ടെന്ന് വച്ച ജൂറി തീരുമാനം ചരിത്രപരമാണെന്നാണ് ഡബ്യൂ സി സി വിലയിരുത്തിയിരിക്കുന്നത്. ധീരമായ ആ തീരുമാനം ഞങ്ങൾ ഉയർത്തിപ്പിടിക്കുന്നു, നെഞ്ചോട് ചേർക്കുന്നു എന്നാണ് സ്വാഗതം ചെയ്തു കൊണ്ട് കുറിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

29ാമത് സംസ്ഥാന ടെലിവിഷൻ പുരസ്‌കാരങ്ങൾ പ്രഖാപിച്ചപ്പോൾ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിച്ചതിന്റെ പേരിൽ മികച്ച സീരിയൽ അവാർഡുകൾ വേണ്ടെന്ന് വച്ച ജൂറി തീരുമാനം ചരിത്രപരമാണ്. ധീരമായ ആ തീരുമാനം ഞങ്ങൾ ഉയർത്തിപ്പിടിക്കുന്നു . നെഞ്ചോട് ചേർക്കുന്നു . ആ തീരുമാനമെടുത്ത ജൂറിക്കും അതിന് അർഹമായ ബഹുമതികളോടെ അംഗീകാരം നൽകിയ സർക്കാറിനും ഡബ്ലു.സി.സി.യുടെ അഭിനന്ദനങ്ങൾ.ഇത്തരം ആർജ്ജവമുള്ള തീരുമാനങ്ങളാണ് ചരിത്രത്തിൽ വലിയ തിരുത്തലുകൾക്ക് തുടക്കം കുറിക്കുന്നത് . വൻമൂലധനത്തിന്റെ അകമ്പടിയും അധികാരവുമുണ്ടെങ്കിൽ എത്ര തന്നെ മനുഷ്യത്വ വിരുദ്ധമായ ഉള്ളടക്കവും കലയുടെ പേരിൽ വിറ്റഴിക്കാനും അതിന് അംഗീകാരം നേടാനും കഴിയും എന്ന ധാർഷ്ട്യത്തിനാണ് ഈ തിരുത്ത് പ്രഹരമേല്പിച്ചിരിക്കുന്നത്. കലയിൽ കാഴ്ചപാടുകളും ഉള്ളടക്കവും പ്രധാനമാണ് എന്ന നിലപാട് സെൻസർഷിപ്പല്ല , മറിച്ച് പണത്തിന്റെയും അധികാരത്തിന്റെയും ബലത്തിൽ എന്തുമാകാം എന്ന സാംസ്‌കാരിക മലിനീകരണത്തിന് തടയിടലാണ്. അതിന്റെ പേരാണ് നവോത്ഥാനം. ഡബ്ലു.സി.സി. അതിനൊപ്പമാണ്. ഉള്ളടക്കം ഏത് കലയുടെയും ജീവശ്വാസമാണ്.

Advertisement
Advertisement