ടേക്ക് എ ബ്രേക്ക് പദ്ധതി,​ ആദ്യഘട്ടം 18 ഇടങ്ങളിൽ ,​ വിശ്രമിക്കാം ഇനി സ്വസ്ഥമായി

Tuesday 07 September 2021 12:36 AM IST

കോട്ടയം : മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി ജില്ലയിൽ പൂർത്തീകരിച്ച 18 ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമകേന്ദ്രങ്ങൾ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് മന്ത്രി എം.വി. ഗോവിന്ദൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും. പ്രധാന പാതയോരങ്ങൾ, ലെ സർക്കാർപൊതുമേഖലാ സ്ഥാപനങ്ങളുടെ പരിസരങ്ങൾ, തദ്ദേശസ്ഥാപനങ്ങളുടെ ഓഫീസ് പരിസരം, വാണിജ്യ കേന്ദ്രങ്ങൾ , ബസ് സ്റ്റാൻഡ്, ബസ് സ്റ്റോപ്പുകൾ എന്നിവിടങ്ങളിലാണ് കേന്ദ്രം സജ്ജമാക്കുക. വൈക്കം മുനിസിപ്പൽ ഓഫീസ്, ഈരാറ്റുപേട്ട പി.എച്ച്.സി പരിസരം, കോട്ടയം നാഗമ്പടം മുനിസിപ്പൽ ബസ് സ്റ്റാൻഡ്, കല്ലറ ചന്തപ്പറമ്പ്, കല്ലറ പകൽവീടിന് സമീപം, മൂന്നിലവ് പഴയ പഞ്ചായത്ത് ഓഫീസിന് സമീപം, നീണ്ടൂർ പ്രാവട്ടം മാർക്കറ്റ്, കൊഴുവനാൽ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ പാറത്തോട്, ഭരണങ്ങാനം, തിടനാട്, വെളിയന്നൂർ, പൊൻകുന്നം പ്രൈവറ്റ് ബസ് സ്റ്റാൻഡ്, എരുമേലി ഓരുങ്കൽകടവ്, എരുമേലി പേരൂർതോട്, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, കടനാട് എന്നിവിടങ്ങളിലാണ് നിർമാണം പൂർത്തീകരിച്ചത്.

മൂന്ന് വിഭാഗങ്ങളായി
ബേസിക്, സ്റ്റാൻഡേഡ്, പ്രീമിയം വിഭാഗങ്ങളിലാണ് ശൗചാലയം സജ്ജീകരിക്കുന്നത്. ബേസിക് വിഭാഗത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും ഓരോന്നും സ്റ്റാൻഡേഡ്, പ്രീമിയം വിഭാഗങ്ങളിൽ സ്ത്രീകൾക്കും പുരുഷൻമാർക്കും രണ്ടു വീതവും ശൗചാലയങ്ങളുണ്ട്. പ്രീമിയം വിഭാഗത്തിൽ കഫറ്റേരിയകളും ഉണ്ടായിരിക്കും. ഭിന്നശേഷിക്കാർക്ക് ഉപയോഗിക്കാൻ കഴിയുന്ന രീതിയിലുള്ള ക്രമീകരണങ്ങളുമുണ്ട്. ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന വിശ്രമ കേന്ദ്രങ്ങളിൽ പത്തെണ്ണം ബേസിക് വിഭാഗത്തിലും എട്ടെണ്ണം സ്റ്റാൻഡേർഡ് വിഭാഗത്തിലുമാണ്.

പദ്ധതി 127 കേന്ദ്രങ്ങളിൽ
പെർഫോമൻസ് ബേസ്ഡ് ഇൻസെന്റീവ് ഗ്രാന്റ്, ശുചിത്വ കേരളം ഫണ്ട്, പഞ്ചായത്ത് പ്ലാൻ ഫണ്ട്, ധനകാര്യ കമ്മിഷൻ ഗ്രാന്റ്, സ്വച്ഛ് ഭാരത് മിഷൻ (ഗ്രാമീൺ) ഫണ്ട് എന്നിവ വിനിയോഗിച്ച് ജില്ലയിൽ 127 കേന്ദ്രങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

Advertisement
Advertisement