കർഷക ഉപരോധം: ഒത്തുതീർപ്പ് ചർച്ച അലസി, കർണാലിൽ നിരോധനാജ്ഞ, ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചു

Tuesday 07 September 2021 12:00 AM IST

ന്യൂഡൽഹി: സംയുക്ത കിസാൻ മോർച്ച ഇന്ന് ആഹ്വാനം ചെയ്‌ത ഉപരോധം ഒഴിവാക്കാൻ ജില്ലാ അധികൃതർ നടത്തിയ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ, ഹരിയാനയിലെ കർണാലിൽ രാത്രി വരെ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചു. ആഗസ്റ്റ് 28ന് നടന്ന ലാത്തിചാർജ്ജിനിടെ സമരക്കാരുടെ തലപൊട്ടിക്കാൻ ഉത്തരവിട്ട അന്നത്തെ സബ്ഡിവിഷണൽ മജിസ്ട്രേട്ട് ആയുഷ് സിൻഹയ്ക്കെതിരെ നടപടിയെടുക്കില്ലെന്നും കർഷകർക്ക് നഷ്‌ടപരിഹാരം നൽകില്ലെന്നും ജില്ലാ ഭരണകൂടം നിലപാടെടുത്തതാണ് ചർച്ച പരാജയപ്പെടാൻ കാരണം.

ക്രമസമാധാനം തകർക്കാൻ ശ്രമിച്ചവർക്ക് നഷ്‌ടപരിഹാരം നൽകാൻ വകുപ്പില്ലെന്നും തങ്ങളുടെ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ കഴിയില്ലെന്നും ജില്ലാ മജിസ്ട്രേട്ട് നിഷാന്ത് കുമാർ യാദവ് പറഞ്ഞു. യാതൊരു കാരണവശാലും ഉപരോധം നടത്താൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ ഉപരോധം നടത്തുമെന്ന് ചർച്ചയ്ക്കു ശേഷം ഹരിയാന ഭാരതീയ കിസാൻ യൂണിയൻ മേധാവി ഗുർണാം സിംഗ് ചാരുണി പറഞ്ഞു.

സമരക്കാരെ തടയാൻ 40 കമ്പനി അർദ്ധസൈനിക വിഭാഗങ്ങളെ വിന്യസിക്കുമെന്ന് കർണാൽ എസ്.പി ഗംഗാ റാം പൂനിയ പറഞ്ഞു. ജലപീരങ്കികളും തയാറാക്കിയിട്ടുണ്ട്. നിരോധനാജ്ഞ ലംഘിക്കുന്നവരെ കണ്ടെത്താൻ ഡ്രോണുകൾ ഉപയോഗിക്കും.

കർണൂലിലെ ഉപരോധത്തിന് മുന്നോടിയായി ഉത്തർപ്രദേശിലെ മുസാഫർനഗറിൽ ഞായറാഴ്ച നടത്തിയ കിസാൻ മഹാപഞ്ചായത്തിൽ ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നടക്കം ആയിരക്കണക്കിന് കർഷകർ പങ്കെടുത്തിരുന്നു.

Advertisement
Advertisement