കോൺഗ്രസ് കലാപത്തിൽ താത്കാലിക മഞ്ഞുരുക്കം

Tuesday 07 September 2021 12:25 AM IST

തിരുവനന്തപുരം: പുതിയ ഡി.സി.സി പ്രസിഡന്റുമാരുടെ പട്ടികയെച്ചൊല്ലി സംസ്ഥാന കോൺഗ്രസിലുയർന്ന കലാപത്തിൽ താത്കാലിക മഞ്ഞുരുക്കം. മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയുമായി സംസ്ഥാന നേതൃത്വം കഴിഞ്ഞ രണ്ട് ദിവസമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണിത്.

ഞായറാഴ്ച ഉമ്മൻ ചാണ്ടിയെ പുതുപ്പള്ളിയിലെ വസതിയിലും, രമേശ് ചെന്നിത്തലയെ ഹരിപ്പാട്ടെ ക്യാമ്പ് ഓഫീസിലും പോയി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ കണ്ടതിന്റെ തുടർച്ചയായി, ഇന്നലെ കെ.പി.സി.സി ആസ്ഥാനത്ത് പ്രസിഡന്റ് കെ. സുധാകരനും വി.ഡി. സതീശനും ഇരുവരുമായി ചർച്ച നടത്തി. പ്രശ്നങ്ങൾ തൽക്കാലം പറഞ്ഞുതീർത്ത സാഹചര്യത്തിൽ, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽസെക്രട്ടറി താരിഖ് അൻവറിന്റെ ഇന്നത്തെ കേരളയാത്ര റദ്ദാക്കി. അച്ചടക്കലംഘനം വച്ചുപൊറുപ്പിക്കില്ലെന്ന രാഹുൽഗാന്ധിയുടെ കർശന മുന്നറിയിപ്പും പോരിനിറങ്ങിയ നേതാക്കളെ അനുനയത്തിന് പ്രേരിപ്പിച്ചതായാണ് സൂചന.

‌ ഡി.സി.സി പട്ടികയിലെ അതൃപ്തി പരസ്യമാക്കേണ്ടി വന്ന സാഹചര്യം ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ചർച്ചയിൽ അറിയിച്ചു. പട്ടിക അന്തിമമാക്കുന്നതിന് മുമ്പ് വീണ്ടും കൂടിക്കാണാമെന്ന വാഗ്ദാനം പാലിക്കാനാവാതിരുന്നതിന്റെ സാഹചര്യം സംസ്ഥാന നേതൃത്വവും വിശദീകരിച്ചു. ഇക്കാര്യത്തിൽ പരസ്യ വിഴുപ്പലക്കൽ ഒഴിവാക്കി പാർട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ട് നയിക്കാനുള്ള സാഹചര്യമൊരുക്കണമെന്നും ആവശ്യപ്പെട്ടു. ശേഷിക്കുന്ന കെ.പി.സി.സി, ഡി.സി.സി പുന:സംഘടനയിൽ എല്ലാ കാര്യങ്ങളും ചർച്ച ചെയ്ത് ധാരണയുണ്ടാക്കാം. പാർട്ടിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അവർ പറഞ്ഞു

അച്ചടക്കനടപടിയുടെ കാര്യത്തിൽ ഇരട്ടനീതി അംഗീകരിക്കാനാവില്ലെന്ന് ഉമ്മൻ ചാണ്ടിയും രമേശും പറഞ്ഞു. അക്കാര്യത്തിൽ എല്ലാവർക്കും സ്വീകാര്യമായ നടപടികളുണ്ടാകുമെന്ന് കെ.സുധാകരൻ ഉറപ്പ് നൽകി.

ഡി.സി.സി പുന:സംഘടനയുമായി ബന്ധപ്പെട്ട പാർട്ടിയിലെ ചെറിയ തർക്കങ്ങൾ പറഞ്ഞുതീർത്തതായി പിന്നീട് കെ. സുധാകരൻ വാർത്താലേഖകരെ അറിയിച്ചു. ഇനി ഇക്കാര്യത്തിൽ ചർച്ചയില്ല. നേതാക്കൾ ഒറ്റക്കെട്ടായി പോകും. പദവികളില്ലെങ്കിലും ഉണ്ടെങ്കിലും മുതിർന്ന നേതൃത്വം പാർട്ടിയിലുണ്ടാകും. അവരുമായി കൂടിയാലോചിച്ചാവും ശേഷിക്കുന്ന പുന:സംഘടനയെന്നും സുധാകരൻ വ്യക്തമാക്കി.

Advertisement
Advertisement