കെ.പി.സി.സി പുന:സംഘടന: കണ്ണടച്ച് തുറക്കും വേഗത്തിൽ തീർക്കുമെന്ന് വി.ഡി. സതീശൻ

Tuesday 07 September 2021 12:46 AM IST

തിരുവനന്തപുരം: അവശേഷിക്കുന്ന കെ.പി.സി.സി, ഡി.സി.സി പുന:സംഘടനകൾ കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ പൂർത്തീകരിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. താഴെത്തട്ടിലുള്ള പ്രവർത്തകരുടെ വികാരം കണക്കിലെടുത്തുള്ള പുന:സംഘടനയാകും ഉണ്ടാവുക. ഡി.സി.സി പ്രസിഡന്റുമാരുടെ നിയമനത്തെ തുടർന്ന് പാർട്ടിക്കകത്തുണ്ടായ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമായി. ഒരു നിബന്ധനയുമില്ലാതെ ഭംഗിയായി പ്രശ്നം പരിഹരിച്ചിട്ടുണ്ട്. പാർട്ടിയിൽ പ്രശ്നങ്ങളില്ലെന്ന് പറഞ്ഞ് ഇരുട്ട് കൊണ്ട് ഓട്ടയടയ്ക്കാനില്ല. അതുകൊണ്ടാണ് താൻ തന്നെ മുന്നിട്ടിറങ്ങി മുതിർന്ന നേതാക്കളെ വീട്ടിൽ പോയി കണ്ട് ചർച്ച നടത്തിയത്.

പാർട്ടിയിലെ മുതിർന്ന നേതാക്കളെ വീട്ടിൽ സന്ദർശിക്കുന്നതിന് എ.കെ.ജി സെന്ററിൽ പോയി വിജയരാഘവന്റെ അനുവാദം വാങ്ങേണ്ട ആവശ്യം തനിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ പരിഹാസത്തിന് സതീശൻ മറുപടി നൽകി. കുറച്ചുകൂടി നിലവാരമുള്ള തമാശ പറയാൻ പിണറായി വിജയൻ വിജയരാഘവനോട് പറയണം.

 കുഞ്ഞാലിക്കുട്ടിക്കെതിരെ ഒരു കേസുമില്ല

മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ ഒരു കേസുമില്ല. ആരോപണം ആർക്കും ഉന്നയിക്കാം. സഹകരണബാങ്കുകളുമായി ബന്ധപ്പെട്ട എല്ലാ തട്ടിപ്പുകളും അന്വേഷിക്കുന്നത് നല്ലതാണ്. തിരഞ്ഞെടുപ്പ് തോൽവി പഠിച്ച കോൺഗ്രസ് മേഖലാസമിതി റിപ്പോർട്ടുകളിൽ പി.ജെ. ജോസഫിന്റെ പാർട്ടിക്കെതിരെ പരാമർശമില്ല. മാദ്ധ്യമങ്ങളിൽ മാത്രമാണങ്ങനെ വാർത്ത വന്നത്. ആർ.എസ്.പിയെക്കുറിച്ച് ഊഹാപോഹം പ്രചരിപ്പിച്ച് ആ പാർട്ടിയുടെ വിശ്വാസ്യത ചോദ്യം ചെയ്യരുത്.

Advertisement
Advertisement