പുറത്തിറങ്ങി സ്ത്രീകൾ ജോലി ചെയ്യരുത്, ജർമ്മനിയിൽ അഫ്ഗാൻകാരൻ പാർക്കിൽ ജോലി ചെയ്തിരുന്ന 58കാരിയെ കുത്തിവീഴ്ത്തി

Tuesday 07 September 2021 2:11 PM IST

ബെർലിൻ : ജർമനിയിൽ അഫ്ഗാൻ കാരനായ യുവാവ് പാർക്കിൽ ജോലി ചെയ്യുകയായിരുന്നു സ്ത്രീയെ കൊലപ്പെടുത്താൻ ശ്രമിച്ചു. ബെർലിനിലെ വിൽമേഴ്സ്‌ഡോർഫ് പ്രദേശത്തെ ഒരു പാർക്കിൽ പൂന്തോട്ടം പരിപാലിക്കുന്ന അമ്പത്തിയെട്ടുകാരിയെയാണ് ഇരുപത്തിയൊമ്പത് കാരനായ അഫ്ഗാൻ യുവാവ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ആക്രമണത്തിൽ സ്ത്രീയ്ക്ക് ഗുരുതരമായി പരിക്കേറ്റു. സ്ത്രീകൾ ജോലി ചെയ്യുന്നത് ഇഷ്ടമല്ലാതിരുന്നതിനാലാണ് ഇയാൾ അക്രമിച്ചതെന്നാണ് വിവരം.

ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം അക്രമിയായ യുവാവ് സ്ത്രീയുടെ അടുത്തെത്തി സംസാരിക്കുകയായിരുന്നു. തുടർന്ന് പെട്ടെന്ന് അയാൾ കത്തി പുറത്തെടുത്ത് കഴുത്തിൽ പലതവണ കുത്തി പരിക്കേൽപ്പിച്ചു. സംഭവം കണ്ട് സ്ത്രീയെ രക്ഷിക്കാൻ ശ്രമിച്ച വഴിയാത്രക്കാരനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

അതേസമയം അഫ്ഗാൻ യുവാവിന്റെ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല. കൊലപാതക ശ്രമം, അക്രമാസക്തമായ ആക്രമണം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അന്ധമായ മതവിശ്വാസത്തിന്റെ പ്രചോദനമാണ് യുവാവ് അക്രമം നടത്തിയതിന് പിന്നിലെന്ന് സംശയിക്കുന്നു. ഇയാൾ ഒരു മാനസിക രോഗിയാണോ എന്നും പരിശോധിക്കുന്നുണ്ട്.

Advertisement
Advertisement