ഡോ. സാക്കിർ തോമസ് കേന്ദ്ര ആദായനികുതി ഇൻവെസ്റ്റിഗേഷൻ പ്രിൻസിപ്പൽ ഡയറക്ടർ, ഇടവകപ്പള്ളിയും ഇടപ്പാടി ക്ഷേത്രവും ഒരു പോലെ

Wednesday 08 September 2021 12:52 AM IST

പാലാ : 'സർവമതങ്ങളെയും ആരാധനാലയങ്ങളെയും സമഭാവനയോടെ വീക്ഷിക്കുന്ന മഹത്തായൊരു പാരമ്പര്യം പാലായ്ക്കുണ്ട്. നാട്ടിൽ വന്നാൽ ഇടവകപ്പള്ളിയിൽ പോകും പോലെ തന്നെ ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ ഇടപ്പാടി ആനന്ദഷൺമുഖ ക്ഷേത്രത്തിലും പോകാറുണ്ട്. മഹാഗുരുവിന്റെ കാലടികൾ പതിഞ്ഞ മണ്ണാണവിടെ.
മൂന്നു വർഷം മുമ്പ് മൂന്നാറിൽ നടന്ന ആദായ നികുതി ഉന്നത ഉദ്യോഗസ്ഥരുടെ അഖിലേന്ത്യാ സമ്മേളനത്തിൽ പങ്കെടുത്ത മുഴുവൻ ഉന്നത ഉദ്യോഗസ്ഥരുമായി ഞാൻ ഇടപ്പാടിയിലെ ചരിത്ര ക്ഷേത്രം സന്ദർശിച്ചു. എന്നോടൊപ്പം നാടിന്റെ ചരിത്രപണ്ഡിതൻ കൂടിയായ പാലാ മുനിസിപ്പൽ കമ്മിഷണറായി വിരമിച്ച പുളിക്കൽ രവീന്ദ്രൻ നായരുമുണ്ടായിരുന്നു. മറ്റു നാടുകളിലെല്ലാം പോയി ജോലി ചെയ്യുമ്പോൾ ഈ സമഭാവനാ സംസ്‌ക്കാരം എനിക്ക് ഒരു പാട് ഗുണം ചെയ്തിട്ടുണ്ട്. കേന്ദ്ര ആദായനികുതി വകുപ്പ് ഇൻവെസ്റ്റിഗേഷൻ പ്രിൻസിപ്പൽ ഡയറക്ടറായി ചുമതലയേറ്റ ഡോ. സാക്കിർ തോമസ് കേരളകൗമുദിയോട് പറഞ്ഞു. പാലാ കിഴക്കേക്കര താഴത്ത് പരേതനായ മുനിസിപ്പൽ റീജിയണൽ ഡയറക്ടർ ടി.എസ്.തോമസിന്റെയും റിട്ട.ഡി.ഇ.ഒ മേരിക്കുട്ടിയുടെയും ഏകമകനാണ് ഡോ. സാക്കിർ. മീതു ആണ് ഭാര്യ. തോമസ് , വിൻസെന്റ് എന്നിവർ മക്കളും. സഹോദരി റാണി തോമസ് കാത്തലിക് സിറിയൻ ബാങ്കിന്റെ ഏരിയാ മാനേജരാണ്. 1989 ബാച്ച് ഐ.ആർ.എസ് ഉദ്യോഗസ്ഥനായ സാക്കിർ തോമസ് അടുത്ത കാലം വരെ ബംഗളൂരുവിൽ പ്രിൻസിപ്പൽ കമ്മിഷണറായിരുന്നു. പാലാ സെന്റ് തോമസ് കോളജിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ശേഷം അവിടെത്തന്നെ അദ്ധ്യാപകനായിരുന്നു. കേന്ദ്ര പ്രത്യക്ഷ നികുതി ഭരണനിർവഹണത്തിലുള്ള മികവിന് 2017ൽ കേന്ദ്ര ധനമന്ത്രിയുടെ മെഡൽ നേടിയിട്ടുണ്ട്.

Advertisement
Advertisement