പ്രതിയാകുമെന്ന് പറയപ്പെട്ടയാൾ സാക്ഷിയായി, പൊലീസിലല്ല സിപിഎമ്മിലാണ് ആര്‍എസ്എസ് ഗ്യാങ്ങ് പ്രവര്‍ത്തിക്കുന്നതെന്ന് കെ സുധാകരൻ

Tuesday 07 September 2021 8:37 PM IST

തിരുവനന്തപുരം: സംസ്ഥാന പൊലീസിലല്ല കേരളത്തിലെ സി.പി.എമ്മിലാണ് ആര്‍.എസ്.എസ് ഗ്യാങ്ങ് പ്രവര്‍ത്തിക്കുന്നതെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. കേരളത്തില്‍ സ്ത്രീ പീഡനങ്ങളും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും വര്‍ദ്ധിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തിക്കൊണ്ടാണ് കഴിഞ്ഞ ദിവസം സി.പി.ഐ. ദേശീയ നേതാവ് ആനി രാജ കേരളാ പൊലീസില്‍ ആര്‍.എസ്.എസ് ഗ്യാങ്ങ് ഉണ്ടെന്ന് പ്രസ്താവന നടത്തിയത്. സി.പി.എമ്മിനകത്ത് ആര്‍.എസ്.എസ് ഉണ്ട് എന്നതിന്റെ തെളിവാണ് സ്വര്‍ണ്ണക്കടത്ത് കേസും കൊടകര കുഴല്‍പ്പണക്കേസും ആവിയായിപ്പോയതെന്നും സുധാകരൻ ആരോപിച്ചു.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട രണ്ടു കേസുകളും ഇന്ന് എവിടെയാണ് എത്തി നില്‍ക്കുന്നത്! കൊടകര കുഴല്‍പ്പണക്കേസില്‍ പ്രതിയാകുമെന്ന് പറഞ്ഞ, കെ. സുരേന്ദ്രന്‍ സാക്ഷിയായി മാറിയതെങ്ങനെയെന്ന് സി.പി.എം. നേതൃത്വം മറുപടി പറയണം. ഇടതുപക്ഷ ഗവര്‍മെന്റിന്റെ സ്ത്രീവിരുദ്ധ നിലപാടുകളെ ചോദ്യം ചെയ്തതിന്റെ പേരില്‍ സി.പി.ഐ. സംസ്ഥാന നേതൃത്വം വനിതാ നേതാവിനെതിരെ ശബ്ദിക്കുന്നത് പിണറായിയെ തൃപ്തിപ്പെടുത്താന്‍ മാത്രമാണ്. സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചും സുരക്ഷയെക്കുറിച്ചും സംസാരിക്കുന്നവര്‍ക്ക് അതിനോട് തെല്ലും ആത്മാര്‍ത്ഥതയില്ല എന്നതിന്റെ തെളിവാണ് ആനിരാജക്കെതിരായ അഭിപ്രായ പ്രകടനങ്ങളെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്ന് കോടതിയില്‍ മൊഴി രേഖപ്പെടുത്തിയിട്ടും ഇന്നേവരെ മുഖ്യമന്ത്രിക്ക് ഒരു നോട്ടീസ് പോലും അയക്കാതിരുന്നത് സി.പി.എം-ആര്‍.എസ്.എസ് രഹസ്യ ബാന്ധവത്തിന്റെ തെളിവാണ്. കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുവാന്‍ ആവശ്യമായ തീരുമാനങ്ങള്‍ കൈക്കൊള്ളണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.