'തലൈവി' ക്ലൈമാക്സ് കാത്ത് മക്കൾ മനം

Wednesday 08 September 2021 12:00 AM IST

ചെന്നൈ: അന്നും ഇന്നും എന്നും തമിഴ്നാട്ടുകാർക്കൊരു അമ്മയുണ്ട്, പുരട്ചി തലൈവി ജയലളിത.'തലൈവി"യായി വെള്ളിത്തിരയിൽ അവർ വെള്ളിയാഴ്ച പുനർജനിക്കുമ്പോൾ ചിത്രത്തിന്റെ ക്ലൈമാക്സ് എന്താകുമെന്നറിയാൻ ആദ്യ ഷോയ്‌ക്കുള്ള കാത്തിരിപ്പിലാണ് തമിഴ്‌മനം. ജീവിതം പോലെ മരണത്തിലും ദുരൂഹതകൾ ബാക്കിവച്ചാണ് ജയലളിത ഓർമ്മയായത്.

ജയലളിതയുടെ സിനിമാ, രാഷ്ട്രീയ ജീവിതങ്ങളിലെ അദ്ധ്യായങ്ങൾ കൂട്ടിവിളക്കി എ.എൽ. വിജയ് സംവിധാനം ചെയ്ത ചിത്രമാണ് 'തലൈവി". ഹോളിവുഡ് നടി കങ്കണ റണൗട്ടാണ് ജയലളിതയായി വേഷമിടുന്നത്. എം.ജി.ആറായി അരവിന്ദ് സ്വാമിയും കരുണാനിധിയായി നാസറും ജാനകി രാമചന്ദ്രനായി മധുബാലയും വി.കെ. ശശികലയായി മലയാളി താരം ഷംന കാസിമും വേഷമിടുന്നു. ജയലളിതയ്ക്ക് വീരപരിവേഷം നൽകി ഒരുക്കിയ ചിത്രത്തിൽ അവരുടെ അന്ത്യനാളുകൾ എങ്ങനെയാകുമെന്നാണ് തമിഴ്നാട് ഉറ്റുനോക്കുന്നത്.

രാജ്യം മുഴുവൻ ചിത്രം വെള്ളിയാഴ്ച റിലീസ് ചെയ്യും. തമിഴിനൊപ്പം ഹിന്ദി, തെലുങ്ക് ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ഒരുമാസം കഴിഞ്ഞ് ആമസോൺ, നെറ്റ്ഫ്ളിക്സ് എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിൽ വീണ്ടും റിലീസ് ചെയ്യുമ്പോഴേ കേരളത്തിലുള്ളവർക്ക് കാണാൻ കഴിയൂ.

ജയയുടെ കുട്ടിക്കാലം, സിനിമാരാഷ്ട്രീയജീവിതത്തിൽ എം.ജി.ആർ, കരുണാനിധി എന്നിവരുമായുള്ള കോമ്പിനേഷൻ, ഡി.എം.കെയ്‌ക്ക് ഭൂരിഭക്ഷമുള്ള നിയമസഭയിൽ ജയലളിത നേരിട്ട അപമാനം എന്നിവയെല്ലാം ചിത്രത്തിലുണ്ട്. കരുണാനിധിയോട് കടുപ്പിച്ച് 'കാലം മറുപടി പറയും" എന്ന ഡയലോഗും ചിത്രത്തിലിടം നേടി.

ഡി.എം.കെ ഭരിക്കുന്ന സമയത്ത് ഇത്തരം രംഗങ്ങളുണ്ടാക്കുന്ന കോളിളക്കം പ്രവചനാതീതം. എം.ജി.ആറിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്രയ്ക്കിടെ വാഹനത്തിൽ നിന്ന് ചവിട്ടി താഴെയിടുന്ന രംഗം ചിത്രത്തിന്റെ ഹൈലൈറ്റാകുമെന്നുറപ്പ്. എം.ജി.ആറും ജയലളിതയും ഒന്നിച്ചഭിനയിച്ച 28 സിനിമകളിലെ സൂപ്പർഹിറ്റ് ഗാനങ്ങൾ പുനർനിർമ്മിച്ചതാണ് ചിത്രക്കിന്റെ മറ്റൊരു പ്രത്യേകത. കൊവിഡ് രണ്ടാംതരംഗത്തിനുശേഷം തിയേറ്ററുകളിലെത്തുന്ന ആദ്യ ബിഗ്ബഡ്ജറ്റ് ചിത്രമാണ് തലൈവി.

'ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞതും മികച്ചതുമായ വേഷമാണ് അഭിനയിച്ചത്".

- അരവിന്ദ് സ്വാമി