വീട്ടുതടങ്കലിലാണെന്ന് മെഹബൂബാ മുഫ്തി

Wednesday 08 September 2021 12:00 AM IST

ശ്രീനഗർ: ജമ്മുകാശ്മീർ മുൻ മുഖ്യമന്ത്രിയും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പി.ഡി.പി) നേതാവുമായ മെഹബൂബ മുഫ്തി വീട്ടുതടങ്കലിൽ. മുഫ്തി തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. കാശ്‌മീരിൽ സാധാരണസ്ഥിതിയാണെന്ന ഭരണകൂടത്തിന്റെ വാദം പൊള്ളയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും അവർ ട്വിറ്ററിൽ കുറിച്ചു. വീടിന്റെ ഗേറ്റ് താഴിട്ടു പൂട്ടിയിരിക്കുന്ന ചിത്രവും അവർ പങ്കുവച്ചു. വീട്ടിൽ നിന്ന് ദക്ഷിണ കാശ്മീരിലെ കുൽഗാമിലേക്ക് യാത്ര ചെയ്യാൻ മെഹബൂബയ്ക്ക് അനുമതി ലഭിച്ചിരുന്നില്ല. സുരക്ഷാപരമായ കാരണങ്ങളാലാണ് മെഹബൂബയ്ക്ക് കുൽഗാം സന്ദർശനത്തിനുള്ള അനുമതി നിഷേധിച്ചതെന്ന് പൊലീസ് പറഞ്ഞു.

'അഫ്ഗാനിസ്ഥാനിലെ ആളുകളുടെ അവകാശങ്ങൾ സംബന്ധിച്ച കാര്യങ്ങളിൽ ആശങ്ക രേഖപ്പെടുത്തുന്ന കേന്ദ്ര സർക്കാർ കാശ്മീരിൽ ഇതു ബോധപൂർവം നിരാകരിക്കുകയാണ്. ഇന്ന് ഞാൻ വീട്ടു തടങ്കലിലാണ്. കാശ്മീർ ശാന്തമാണെന്ന ഭരണകൂടത്തിന്റെ പഴയ വാദം ഖണ്ഡിക്കുന്നതാണിത്.'– മെഹ്ബൂബ ട്വീറ്റ് ചെയ്തു.