വാക്‌സിൻ പ്രതിരോധത്തെ മറികടക്കാൻ ഡെൽറ്റാ വൈറസിന് എട്ടിരട്ടി ശേഷി കൂടുതലെന്ന് പഠനം

Wednesday 08 September 2021 12:01 AM IST

ന്യൂഡൽഹി: കൊവിഡിനെതിരായ വാക്സിനെടുക്കുന്നത് വഴി ശരീരത്തിന് ലഭിക്കുന്ന പ്രതിരോധ ശേഷിയെ മറികടക്കാൻ കൊവിഡ് വൈറസിന്റെ ഡെൽറ്റാ വകഭേദത്തിന് എട്ട് മടങ്ങ് ശേഷി കൂടുതലാണെന്ന് പഠനം. വാക്സിനിലൂടെയുള്ള പ്രതിരോധ ശേഷിയെ മാത്രമല്ല, ഒരു തവണ കൊവിഡ് ബാധിച്ചതിലൂടെ ലഭിക്കുന്ന ആർജ്ജിത പ്രതിരോധ ശേഷിയെയും ഡെൽറ്റാ വൈറസ് മറികടക്കുമെന്നാണ് പഠനം. ഇന്ത്യയിൽ നിന്നും വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള ഗവേഷകരുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് അന്താരാഷ്ട്ര ശാസ്ത്ര ജേണലായ 'നേച്ചറി'ലാണ് പ്രസിദ്ധീകരിച്ചത്.

ഡെൽറ്റാ വകഭേദത്തിന് ശരീരത്തിൽ കൂടുതൽ വൈറസ് പകർപ്പുകളെ സൃഷ്ടിക്കാനുള്ള ശേഷിയും കൂടുതലാണ്. ഈ രണ്ട് പ്രത്യേകതകളുമാണ് ഡെൽറ്റ വകഭേദത്തിന്റെ അതിവേഗ വ്യാപനത്തിന് ഇടയാക്കുന്നതെന്ന് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. നിലവിൽ ഇന്ത്യയുൾപ്പെടെ 90ലേറെ രാജ്യങ്ങളിൽ പ്രധാനമായും വ്യാപനത്തിലുള്ളത് ഡെൽറ്റ വകഭേദമാണ്.

ഡൽഹിയിലെ ആശുപത്രികളിലെ 9000ത്തോളം ആരോഗ്യ ജീവനക്കാരിൽ ബ്രേക്ക് ത്രൂ ഇൻഫെക്ഷൻ ഉണ്ടായതും ഇവർ പഠനവിധേയമാക്കി. രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച ശേഷമുണ്ടാകുന്ന കൊറോണ ബാധയെയാണ് ബ്രേക്ക് ത്രൂ ഇൻഫെക്ഷൻ എന്ന് വിശേഷിപ്പിക്കുന്നത്. കൊവിഷീൽഡ് വാക്സിൻ രണ്ട് ഡോസും സ്വീകരിച്ച 218 ആരോഗ്യപ്രവർത്തകർക്ക് രോഗലക്ഷണങ്ങളോടെ ബ്രേക്ക് ത്രൂ ഇൻഫെക്ഷൻ സംഭവിച്ചതായാണ് കണ്ടെത്തിയത്.

31,222 പേർക്ക് കൂടി കൊവിഡ്

രാജ്യത്ത് 31,222 പേർക്ക്കൂടി കൊവിഡ് ബാധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 290 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ, രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,30,58,842 ആയി. മരണം 4,41,042 ആയി ഉയർന്നു. 42,942 പേർ ഇന്നലെ രോഗമുക്തി നേടി. നിലവിൽ 3,92,864 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.

Advertisement
Advertisement