തെരുവ് ഭരിച്ച് നായ്ക്കൾ

Wednesday 08 September 2021 12:00 AM IST

# എ.ബി.സി പദ്ധതിക്ക് കോടതി വിലക്ക്

ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് കുടുംബശ്രീ മിഷൻ നടപ്പാക്കിയിരുന്ന തെരുവ് നായ വന്ധ്യംകരണ പദ്ധതി (എ.ബി.സി)​ താളം തെറ്റുന്നു. ആനിമൽ വെൽഫെയർ ബോർഡിൽ കുടുംബശ്രീ മിഷൻ രജിസ്റ്റർ ചെയ്തിട്ടില്ലാത്തതാണ് തിരിച്ചടിയായത്.

ഇതോടെ പദ്ധതി നടപ്പാക്കുന്നതിന് ഹൈക്കോടതി താത്കാലികമായി വിലക്ക് എർപ്പെടുത്തി. മുൻകൂർ കരാറിലേർപ്പെട്ട പഞ്ചായത്തുകളിൽ മാത്രം പദ്ധതി നടപ്പാക്കാനാണ് കോടതി അനുമതിയുള്ളത്. വിലക്ക് കാരണം പുതുതായി പദ്ധതി നടപ്പാക്കാൻ കുടുംബശ്രീയ്ക്ക് ഫണ്ടും ലഭിക്കുന്നില്ല.

ലോക്ക് ഡൗൺ കാരണം മേയ്, ജൂൺ, ജൂലായ് മാസങ്ങളിൽ വന്ധ്യംകരണം നടത്താൻ കഴിഞ്ഞിരുന്നില്ല. ഏപ്രിലിൽ ആലപ്പുഴ നഗരത്തിൽ ആയിരം തെരുവ് നായ്ക്കളെ വന്ധ്യംകരണം ചെയ്യണമെന്ന ചലഞ്ചിൽ 889 നായ്ക്കളെ പിടികൂടിയിരുന്നു. കഴിഞ്ഞ മാസം അവസാനത്തടെ കുടുംബശ്രീ കരാറിൽ ഏർപ്പെട്ടിരുന്ന കണ്ടല്ലൂർ, നീലംപേരൂർ പഞ്ചായത്തുകളിൽ തെരുവ് നായ്ക്കളെ പിടികൂടി തുടങ്ങി. എന്നാൽ മറ്റ് തദ്ദേശ സ്ഥാപനങ്ങളിൽ പദ്ധതി താത്കാലികമായി നിറുത്തിവച്ചിരിക്കുകയാണ്. വന്ധ്യംകരണം നല്ല രീതിയിൽ നടക്കുന്നെന്ന് അധികൃതർ അവകാശപ്പെടുമ്പോഴും ജില്ലയിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ്.

ജനങ്ങൾ തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരയാകാത്ത ഒരു ദിവസം പോലുമില്ല. കഴിഞ്ഞ ദിവസം ബീച്ചിലെ റിക്രിയേഷൻ ഗ്രൗണ്ടിൽ ഡ്രൈവിംഗ് ടെസ്റ്റിനെത്തിയ മൂന്നുപേർക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റതാണ് ഒടുവിലത്തെ സംഭവം.

എല്ലാ താലൂക്കുകളിലും തെരുവുനായ വന്ധ്യംകരണ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും ചേർത്തല താലൂക്കിലെ കണിച്ചുകുളങ്ങരയിലും മാവേലിക്കരയിലും മാത്രമാണ് പ്രാവർത്തികമായത്. വന്ധ്യംകരണം മുടങ്ങിയതോടെ ദേശീയ പാതകളിലും ഇടറോഡുകളിലും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ്.

മോണിട്ടറിംഗ് കമ്മിറ്റി ഇല്ല

തെരുവുനായ വന്ധ്യംകരണത്തിന് തദ്ദേശ സ്ഥാപനങ്ങൾ മോണിട്ടറിംഗ് കമ്മിറ്റികൾ രൂപീകരിക്കാത്തതും പദ്ധതി നടത്തിപ്പിന് തിരിച്ചടിയായി. ഏഴ് അംഗങ്ങൾ അടങ്ങിയ കമ്മിറ്റിയിൽ രണ്ടുപേർ പഞ്ചായത്തിൽ രജിസ്റ്റർ ചെയ്ത മൃഗക്ഷേമ സംഘടനളുടെ പ്രതിനിധികളായിരിക്കണം. എന്നാൽ ഭൂരിപക്ഷം പഞ്ചായത്തുകളിലും നഗരസഭകളിലും രജിസ്റ്റർ ചെയ്ത മൃഗക്ഷേമ സംഘടനകളില്ല.

കഴിഞ്ഞ സാമ്പത്തിക വർഷം

വന്ധ്യംകരിച്ച നായ്ക്കൾ: 9,​047
ആലപ്പുഴ നഗരസഭയിൽ: 100

ഈ സാമ്പത്തിക വർഷം: 889

പ്രതിഫലം ഒരു നായയ്ക്ക് ₹ 2100

''

സംസ്ഥാനത്തെ മികച്ച വന്ധ്യംകരണ യൂണിറ്റുകളിൽ ഒന്നാണ് ആലപ്പുഴ. ജില്ലാ പഞ്ചായത്തും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമാണ് ഫണ്ട് അനുവദിക്കുന്നത്. നിലവിൽ തെരുവ് നായ്ക്കളെ പിടികൂടുന്നതിന് കോടതി വിലക്കുണ്ട്. ആനിമൽ വെൽഫെയർ ബോർഡിൽ കുടുംബശ്രീക്ക് രജിസ്ട്രേഷൻ ലഭിക്കാൻ നടപടി ആരംഭിച്ചു.

സേവ്യർ, കുടുംബശ്രീ മിഷൻ

ജില്ലാ അസി. കോ ഓർഡിനേറ്റർ

Advertisement
Advertisement