പരമ്പരാഗത വ്യവസായങ്ങളെ കൈവിടില്ലെന്ന് മന്ത്രി: വേലായുധന് ആശ്വാസം

Tuesday 07 September 2021 11:37 PM IST

തൃശൂർ: പരമ്പരാഗത വ്യവസായങ്ങളെ സർക്കാർ കൈവിടില്ലെന്ന വ്യവസായ മന്ത്രി പി. രാജീവിന്റെ ഉറപ്പിൽ ശുഭപ്രതീക്ഷയുമായി വേലായുധൻ. കൊവിഡ് പ്രതിസന്ധി കാലത്തെ മറികടക്കാൻ സാമ്പത്തിക സഹായം തേടിയാണ് വേലായുധൻ മീറ്റ് ദ മിനിസ്റ്റർ പരിപാടിയിൽ പങ്കെടുത്തത്. പരാതി കേട്ട മന്ത്രി എസ്.സി - എസ്.ടി ഓഫീസിൽ നിന്ന് വേണ്ട സഹായം ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പരമ്പരാഗത വ്യവസായങ്ങളുടെ സംരക്ഷണത്തിനായി 2019ലാണ് അംബേദ്കർ എസ്.സി-എസ്.ടി ഹാൻഡ്ക്രാഫ്റ്റ് സൊസൈറ്റി രൂപീകരിച്ചത്. കടവല്ലൂർ പഞ്ചായത്തിലെ സാംബവ കോളനിയിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട 25ഓളം കുടുംബങ്ങൾ ചേർന്നാണ് സൊസൈറ്റി ആരംഭിച്ചത്. എന്നാൽ കൊവിഡ് പ്രതിസന്ധി സംരംഭത്തിന് വെല്ലുവിളിയായെന്ന് സൊസൈറ്റി പ്രസിഡന്റ് വേലായുധൻ പറയുന്നു. ഈ പ്രതിസന്ധി മറികടക്കാൻ ധനസഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് വേലായുധൻ അപേക്ഷിച്ചത്. പരാതി കേട്ട മന്ത്രി ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് അറിയിച്ചു. പരമ്പരാഗതമായി ഉണ്ടാക്കുന്ന മുറം, കൊട്ട, ചവിട്ടി, ചക്ര തുടങ്ങിയവയാണ് ഇവർ നിർമ്മിക്കുന്നത്. കൊവിഡ് പ്രതിസന്ധി മൂലം വിപണി നഷ്ടമായതോടെ തൊഴിലാളികൾക്ക് കൂലി നൽകൽ ഉൾപ്പെടെ വെല്ലുവിളിയായി. സംരംഭം അടച്ചുപൂട്ടാതെ വരും തലമുറയ്ക്ക് തൊഴിൽ നൽകുക എന്ന വേലായുധന്റെ ആഗ്രഹത്തിന് കൂടിയാണ് മന്ത്രിയുടെ വാക്കുകളിലൂടെ ജീവൻ വെച്ചത്.

Advertisement
Advertisement