കണ്ണിന് മായക്കാഴ്ചയൊരുക്കി പാലോടിന്റെ വനസൗന്ദര്യം

Wednesday 08 September 2021 12:48 AM IST

പാലോട്: വെള്ളച്ചാട്ടത്തിന്റെ കുളിർമയും കാനനഭംഗിയും കാഴ്ചക്കാർക്കായി ഒരുക്കി പാലോട്. വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള മങ്കയം ഇക്കോ ടൂറിസം കേന്ദ്രം നിയന്ത്രണങ്ങളോടെ സഞ്ചാരികൾക്കായി തുറന്നിരിക്കുകയാണ്. തെക്കൻ കേരളത്തിലെ ഏറ്റവും മനോഹരമായ രണ്ട് വെള്ളച്ചാട്ടങ്ങളായ കാളക്കയവും കുരിശ്ശടിയും മങ്കയത്തിന് സ്വന്തമാണ്. മഴക്കാടുകളിൽ നിന്ന് ഒഴുകിയിറങ്ങുന്ന അരുവിയിൽ കുളിച്ച് പ്രകൃതിഭംഗി ആസ്വദിക്കാൻ പറ്റിയ ഇടമാണ് മങ്കയം. പ്രകൃതിയുടെ മാറിലെ വെള്ളിമാല പോലെ ഒഴുകിക്കുതിച്ചെത്തുന്ന മങ്കയം വെള്ളച്ചാട്ടം കാണാൻ എത്തുന്ന സഞ്ചാരികളും ധാരാളമാണ്. 60 അടി ഉയരത്തിൽ നിന്ന് അഞ്ച് തട്ടുകളിലൂടെയാണ് ഈ വെള്ളച്ചാട്ടം താഴേക്ക് പതിക്കുന്നത്. മങ്കയത്തിന് അടുത്തുള്ള ബ്രൈമൂർ എസ്റ്റേറ്റും പ്രകൃതി രമണീയമാണ്. കൂടാതെ തൊട്ടടുത്തുള്ള പൊൻമുടിയും സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാണ്. പൊൻമുടി മലനിരകളിൽ ഏറ്റവും ഉയരമുള്ള മലയ്ക്ക് 1100 മീറ്റർ ആണ് ഉയരം. കേരളത്തിൽ ഏറ്റവും കൂടുതൽ വരയാടുകളുള്ള പ്രദേശമാണിവിടം. അഞ്ച് പേരടങ്ങുന്ന സംഘങ്ങളായാണ് ഇവിടെ ട്രിക്കിംഗ് ആരംഭിക്കുന്നത്. വനം വകുപ്പിൽ നിന്ന് ഒരു ഗൈഡിന്റെ സേവനവും ലഭിക്കും. രാവിലെ 6നാണ് യാത്ര ആരംഭിക്കുന്നത്. ഭക്ഷണം സ്വന്തമായി കരുതണം. മൂന്ന് കിലോമീറ്റർ കാൽനടയായി വേണം മലമുകളിലെത്താൻ.

വരയാടുകളെ കൂടാതെ ധാരാളം വന്യമൃഗങ്ങളെയും ഇവിടെ കാണാം. ദൃശ്യഭംഗി ആസ്വദിച്ച് തിരിച്ചിറങ്ങുമ്പോൾ വനം വകുപ്പിന്റെ ഭക്ഷണം ലഭിക്കും. തിരികെ യാത്ര അവസാനിപ്പിക്കുന്നത് മങ്കയം വെള്ളച്ചാട്ട മേഖലയിലാണ്. ട്രക്കിംഗിന് വരുന്നവർ വനം വകുപ്പിന്റെ മുൻകൂർ അനുമതി വാങ്ങണം. കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും പ്രവേശനം ലഭിക്കുക. കാനനഭംഗി ആസ്വദിച്ച് തിരികെ എത്തുന്നവർക്കായി വൈദ്യുതി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള മീൻമുട്ടി ഹൈഡൽ ടൂറിസം കേന്ദ്രം തുറന്നിട്ടുണ്ട്. ഇവിടെ നാല് പെഡസ്ട്രൽ ബോട്ടും ഒരു എൻജിൻ ബോട്ടും ജലസഞ്ചാരത്തിനായി ഒരുക്കിയിട്ടുണ്ട്. കൂടാതെ ലാൻഡ്സ്കേപ്പ്, ഫ്ലവർ ബെഡ്സ്, കിഡ്സ് പ്ലേയിംഗ് ഏരിയ, വാട്ടർ കാസ്കേഡ്‌ എന്നിവയും മീൻമുട്ടിയിൽ ഒരുക്കിയിട്ടുണ്ട്.

 സഞ്ചാരികൾക്കായി

ഒരുങ്ങി ബ്രൈമൂറും

ഇടതൂർന്ന കാടിനും വന്യജീവികൾക്കും പേരുകേട്ട സ്ഥലമാണ് ബ്രൈമൂർ എസ്റ്റേറ്റ്. മങ്കയത്ത് നിന്ന് നാല് കിലോമീറ്റർ‌ കാനനപാതയിലൂടെ സഞ്ചരിച്ചാൽ ബ്രൈമൂറെത്താം. അഗസ്ത്യാർകൂടം ബയോളജിക്കൽ റിസർവിന്റെ ഭാഗമാണ് ഇവിടം. ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിന്റെ ശേഷിപ്പായി ഇവിടെ 900 ഏക്കറോളം സ്ഥലത്ത് തേയില,​ ഏലം,​ ഗ്രാമ്പു തുടങ്ങിയ സുഗന്ധദ്രവ്യങ്ങൾ കൃഷിചെയ്യുന്നുണ്ട്. ബ്രൈമൂർ മണച്ചാലിൽ നിന്ന് ആരംഭിച്ച് വരയാട്മൊട്ടയിൽ അവസാനിക്കുന്ന ട്രിക്കിംഗ് സഞ്ചാരികൾക്ക് പുതിയൊരു അനുഭവമാകും നൽകുക.

Advertisement
Advertisement