മൃഗാശുപത്രികളിലും വെ​റ്ററിനറി ഓഫീസുകളിലും വിജിലൻസ് മിന്നൽ പരിശോധന നടത്തി

Wednesday 08 September 2021 2:16 AM IST

തിരുവനന്തപുരം: ജില്ലാ വെ​റ്ററിനറി ഓഫീസുകളിലും മൃഗാശുപത്രികളിലും 'ഓപ്പറേഷൻ മൃഗസംരക്ഷണം" എന്ന പേരിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. മരുന്നുകൾ വാങ്ങുന്നതിൽ ക്രമക്കേടുണ്ടെന്നും ഫണ്ടുകൾ ദുരുപയോഗം ചെയ്യുന്നെന്നും വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് വാങ്ങുന്ന മരുന്നുകളുടെ വിതരണം നടത്തുന്ന രജിസ്​റ്ററുകൾ മൃഗാശുപത്രികളിൽ പരിപാലിക്കുന്നില്ലെന്നും ചില ആശുപത്രികളുടെ കണക്കുകൾ തമ്മിൽ പൊരുത്തപ്പെടുന്നില്ലെന്നും വിജിലൻസ് കണ്ടെത്തി. തിരുവനന്തപുരത്തെ മടവൂർ, കാസർകോട്ടെ കാഞ്ഞങ്ങാട് മൃഗാശുപത്രികളിൽ മരുന്നുവിതരണം ചെയ്യുന്ന രജിസ്റ്ററുകളിൽ ക്രമക്കേടുകൾ കണ്ടെത്തി. പത്രപരസ്യങ്ങളോ, ടെൻഡറോ ഇല്ലാതെ ജില്ലാ ഓഫീസുകൾ മരുന്നുകൾവാങ്ങി. കോട്ടയത്തെ ജില്ലാ ഓഫീസിൽ വകുപ്പിൽ നിന്ന് സൗജന്യമായി നൽകിയ 51 മരുന്നുകളിൽ 34എണ്ണം രേഖകളിൽ ഇല്ലെന്ന് കണ്ടെത്തി. ഇടുക്കി വണ്ണപുരം മൃഗാശുപത്രിയിൽ ഡോക്ടർ 2500 രൂപ പുറത്തേക്ക് എറിഞ്ഞത് വിജിലൻസ് പിടിച്ചെടുത്തു. മൃഗാശുപത്രിയിലെ ഡോക്ടർമാർമാർ സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായും വിജിലൻസിന് വിവരം കിട്ടി. അപാകതകളെക്കുറിച്ച് സർക്കാരിന് റിപ്പോർട്ട് നൽകുമെന്ന് വിജിലൻസ് ഡയറക്ടർ സുധേഷ് കുമാർ അറിയിച്ചു.