പരാധീനതകൾക്ക് നടുവിൽ കുമരകം ബോട്ട് ജെട്ടി  ടൂറിസം കേന്ദ്രമാണ്, പക്ഷെ കിടക്കണ കോലം കണ്ടോ

Thursday 09 September 2021 12:16 AM IST

കുമരകം : കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രമായ കുമരകത്തെ ബോട്ടുജെട്ടി പരാധീനതകളിൽ വീർപ്പുമുട്ടുന്നു.

കായൽ സൗന്ദര്യം ആസ്വദിക്കാൻ നിരവധി വിനോദ സഞ്ചാരികളാണ് ഇവിടെ എത്തിച്ചേരുന്നത്. കൊവിഡാനന്തര വിനോദസഞ്ചാരമേഖലയുടെ ഉയർത്തെഴുന്നേൽപ്പിനായി കുമരകം തയ്യാറെടുക്കുമ്പോഴാണ് ജെട്ടിക്കും സമീപപ്രദേശങ്ങൾക്കും ഈ ദുരവസ്ഥ. നിരവധി ഹൗസ് ബോട്ടുകളും മോട്ടോർ ബോട്ടുകളും ജെട്ടി പാലത്തിന് കിഴക്കുവശം ലഭ്യമാണെങ്കിലും ബാേട്ടിലേക്ക് കയറാൻ സഞ്ചാരികൾ കാടുപിടിച്ചുകിടക്കുന്ന പാതയെ വേണം ആശ്രയിക്കാൻ. ഈ പരിസരമാകെ വിഷപ്പാമ്പുകളുടെ താവളം ആണെന്ന് ഹൗസ്ബോട്ട് തൊഴിലാളികൾ പറയുന്നു. ഇന്നലെ വലയിൽ കുരുങ്ങിയ നിലയിൽ കണ്ടെത്തിയ അണലിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി രക്ഷിച്ചിരുന്നു. ജെട്ടി പാലത്തിന്റെ അടിയിലെ കൽക്കട്ടിന്റെ വിടവിൽ നിന്ന് കഴിഞ്ഞ ആഴ്ച മൂർഖൻ പാമ്പിനെ പിടികൂടിയിരുന്നു. പാേള നിറഞ്ഞു കിടക്കുന്ന കായലും തോടും കണ്ടു മടങ്ങേണ്ട സ്ഥിതിയാണ് വിനോദസഞ്ചാരികൾക്കുള്ളത്. വേമ്പനാട്ടുകായലിന്റെ കിഴക്കേ തീരത്ത് കിലോമീറ്ററുകളോളം പാേള തിങ്ങി നിറഞ്ഞു കിടക്കുകയാണ്.

ശൗചാലയത്തിലേക്കാണോ മൂക്കുപൊത്തിക്കോ !

കുമരകം ബാേട്ട് ദുരന്ത സ്മാരക മന്ദിരത്തിലെ ശൗചാലയത്തിന്റെ അടുത്തെത്തണേൽ മൂക്കുപൊത്തണം. ഈ ദുസ്ഥിതി തുടങ്ങിയിട്ട് നാളേറെയായി. എന്തിനേറെ കുമരകം ജെട്ടിയിൽ യാത്രാ ബോട്ട് ബന്ധിക്കാൻ ഉപയോഗിക്കുന്ന മരക്കുറ്റി കാലപ്പഴക്കത്തിൽ ഒടിഞ്ഞു പോയിട്ട് പുനഃസ്ഥാപിക്കാൻ പോലും അധികൃതർ തയ്യാറായിട്ടില്ല.

ബോട്ട് യാത്രക്കാരും വിനോദ സഞ്ചാരികളുമായി ജെട്ടിയിൽ എത്തുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ ബുദ്ധിമുട്ടുകയാണ്. കുമരകം ബോട്ട് ദുരന്തം സ്മാരകത്തിലെ ശൗചാലയങ്ങൾ അടിയന്തരമായി ഉപയോഗപ്രദമാക്കണം.

അനിയൻ കുഞ്ഞ്,വ്യാപാരി

കൊവിഡ് ഭീതിയകന്ന് സഞ്ചാരികൾ എത്താൻ തുടങ്ങിയപ്പോൾ ആഫ്രിക്കൻ പോള വെല്ലുവിളിയായി മാറിയിരിക്കുകയാണ്. കായലിലേയും ജെട്ടി താേട്ടിലേയും പോള നീക്കം ചെയ്യാൻ അധികാരികൾ നടപടികൾ സ്വീകരിക്കണം.

ജോജി ചിറത്തറ, ഹൗസ് ബോട്ട് ഉടമ

Advertisement
Advertisement