ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്: മുഖം മിനുക്കി മുന്നോട്ട്

Thursday 09 September 2021 12:00 AM IST

ആലപ്പുഴ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവർത്തിക്കുന്ന ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഡി​സംബറി​ൽ ആശുപത്രി അങ്കണത്തിലെ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭി​ക്കും. നി​ർമ്മാണ ജോലി​കൾ പുരോഗമിക്കുകയാണ്. മനുഷ്യനുപരി പക്ഷി​കളുടെയും മൃഗങ്ങളുടെയും രോഗ നി​ർണയം നടത്താനുള്ള സംവി​ധാനവും ഒരുക്കുന്നുണ്ട്.

മൂന്ന് നില കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പാർക്കിംഗ്, തൊട്ടുമുകളിൽ ലാബ് സംവിധാനം, മുകളിലത്തെ നിലയിൽ ശാസ്ത്രജ്ഞർ, അനുബന്ധ ഡോക്ടർമാർ എന്നിവർക്കുള്ള താമസ സൗകര്യം തുടങ്ങിയവയാണ് ഒരുക്കുന്നത്. ബയോ സേഫ്ടി ലെവൽ മൂന്ന് (ബി.എസ്.എൽ 3) നിലവാരത്തിലുള്ള ഇൻസ്റ്റിറ്റ്യൂട്ടിൽ അണുനശീകരണ സംവിധാനത്തോടെയുള്ള ശീതീകരണ മുറികളാണ് ഒരുക്കുന്നത്.

ബി.എസ്.എൽ 3 സംവിധാനം ഒരുക്കുന്നതിനുള്ള ടെണ്ടർ ഈ മാസം 15ന് പൂർത്തികരിക്കും. ഫയർ, ഇലക്ട്രിക്കൽ സംവിധാനങ്ങളുടെ പ്രവർത്തനാനുമതി ലഭിച്ചു. പരിശോധനാ ഫലം കൃത്യതയോടെ വേഗത്തിൽ ലഭ്യമാക്കാനുള്ള സംവിധാനമാണ് ഒരുക്കുന്നത്. വൈറൽ പനി നിർണയത്തിന് പുതിയ കെട്ടിടത്തിൽ ലെവൽ മൂന്ന്, നാല് വൈറസ് ഡിറ്റക്ഷൻ സംവിധാനം സജ്ജീകരിക്കേണ്ടതുണ്ട്. ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ചിന്റെ കീഴിൽ പ്രവർത്തിക്കുന്ന പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭാഗമാണ് ആലപ്പുഴയിലെ കേന്ദ്രം. പ്രവർത്തനം പൂർണ തോതിലാകുമ്പോൾ തെക്കൻ സംസ്ഥാനങ്ങളിലെ പ്രധാന രോഗനിർണയ ലാബായിമാറും.

പദ്ധതി ചെലവ്: 20.11 കോടി

സ്ഥലം: 05 ഏക്കർ

പ്രതിദിന സാമ്പിൾ പരിശോധന: 1,​200

വർദ്ധിപ്പിക്കുന്നത്: 3,​000

തുടക്കം

1996ൽ കുട്ടനാട്ടിൽ ജപ്പാൻജ്വരം പടർന്നപ്പോഴാണ് ആലപ്പുഴയിൽ സ്റ്റേറ്റ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ചത്. പൂനെ, മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുകളുടെ നിലവാരത്തിലേക്ക് ഉയർത്തുകയായിരുന്നു ലക്ഷ്യം. 2012ൽ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടാക്കാനുള്ള ആദ്യഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചു.

"

ബി.എസ്.എൽ 3 ഒരുക്കുന്നതിനുള്ള റീടെണ്ടർ ഈമാസം 15നടക്കും. ആദ്യ ടെണ്ടറിൽ പൂനെയിലെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അംഗീകാരമുള്ള കൺസൾട്ടന്റിനെ കണ്ടെത്താൻ കഴിഞ്ഞില്ല. ലാബ് സംവിധാനത്തിന് കേന്ദ്രസഹായമായി പത്ത് കോടി രൂപ ലഭിച്ചു. ഡിസംബർ 31ന് മുമ്പ് പുതിയ കെട്ടിടത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനം ആരംഭിക്കും.

എ.എം.ആരിഫ് എം.പി

Advertisement
Advertisement