നിപ്പയിൽ തളർന്ന് പഴം വിപണി

Thursday 09 September 2021 12:00 AM IST

ആലപ്പുഴ: നിപ വൈറസ് ബാധ വീണ്ടും തലപൊക്കിയതോടെ പഴം വിപണി പാടേ തകർന്നു. റമ്പൂട്ടാൻ കഴിച്ച് വിദ്യാർത്ഥി മരിച്ച വാർത്ത വന്നതോടെയാണ് ആശങ്ക വീണ്ടും തലപൊക്കിയത്. ഇതോടെ കൊവിഡിനെ തുടർന്ന് കച്ചവടം ഇടിഞ്ഞ കടകളിൽ പഴവർഗങ്ങൾക്ക് ആവശ്യക്കാർ കുറഞ്ഞു.

വഴിയോരങ്ങളിൽ കച്ചവടം ചെയ്യുന്ന പേരയ്ക്ക, റമ്പൂട്ടാൻ,​ ഞാവൽ പഴങ്ങൾ വാങ്ങാൻ ജനം ഭയക്കുകയാണെന്ന് കച്ചവടക്കാർ പറയുന്നു. നിപ വൈറസ് വാഹകർ വവ്വാലുകകളാണെന്നും ഇവ കടിക്കുന്ന പഴങ്ങൾ കഴിക്കുന്നതാണ് രോഗത്തിന് കാരണമെന്നും ആരോഗ്യരംഗത്തുള്ളവർ കണ്ടെത്തിയതോടെയാണ് പഴവിപണിക്ക് തിരിച്ചടിയായത്.
മഴക്കാലമായതിനാൽ പഴ വിൽപന തീരെകുറവാണ്. ഇതിനിടെയാണ് നിപ വീണ്ടും പ്രത്യക്ഷപ്പെട്ടത്. ഒരു ദിവസം 2000 -3000 രൂപയുടെ കച്ചവടമാണ് നടന്നിരുന്നത്. നിപ ആശങ്ക ഉയർന്നതോടെ ഉള്ള കച്ചവടവും കുറഞ്ഞ് അർദ്ധപട്ടിണിയിലാണ് കച്ചവടക്കാർ.

നിലയുറപ്പിച്ച് തമിഴ് സംഘം

ജില്ലയിൽ അരൂർ മുതൽ ഓച്ചിറ വരെയുള്ള സ്ഥലങ്ങളിൽ വഴിയാര പഴ കച്ചവടക്കാർ സജീവമാണ്. പഴനിക്കടുത്ത് ആയക്കുടി, ദിണ്ടിഗൽ എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് കൂടുതലായി പേരയ്ക്കയെത്തുന്നത്. നിപ സാന്നിദ്ധ്യം കണ്ടെത്തിയ കോഴിക്കോട് അടക്കമുള്ള വടക്കൻ ജില്ലകളിൽ തമിഴ്‌നാട്ടിൽ നിന്നുള്ള വഴിയോരക്കച്ചവടക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഇതോടെ ഇവർ കൂട്ടത്തോടെ മറ്റ് ജില്ലയിലേക്കെത്തി. ഞാവൽപ്പഴത്തിന്റെ സീസൺ കഴിഞ്ഞതോടെ കൊല്ലം മുഴുവൻ വിളവുതരുന്ന പേരയ്ക്കയാണ് പ്രധാന വിപണനം.

വിലയിടിഞ്ഞു

1. റമ്പൂട്ടാൻ കൃഷി കേരളത്തിൽ വ്യാപകം

2. നാടൻ കർഷകർക്ക് കൂടുതൽ വരുമാന മാർഗം

3. ജില്ലയിലേക്ക് റമ്പൂട്ടാൻ കൂടുതലായെത്തുന്നത് പത്തനംതിട്ടയിൽ നിന്ന്

4. നിപ സ്ഥിരീകരിച്ചതോടെ റമ്പൂട്ടാന് ആവശ്യക്കാരില്ലാതായി

5. പേരയ്ക്കയ്ക്കും വിലയിടിഞ്ഞു

വില നിപ്പയ്ക്ക് മുമ്പ്, ഇപ്പോൾ (കിലോ)

റമ്പൂട്ടാൻ ₹ 120, 50

പേരയ്ക്ക ₹50,100 (പേരയ്ക്ക 3 കിലോ100)

''

പഴ വിപണി ഇടിഞ്ഞു. കൊവിഡ് കാരണം കച്ചവടം കുറഞ്ഞിരുന്നു. നിപ സാന്നിദ്ധ്യം കച്ചവടത്തെ കൂടുതൽ ആശങ്കയിലാക്കി. റമ്പൂട്ടാൻ കച്ചവടം നിറുത്തി. മറ്റ് പഴങ്ങൾ വില കുറച്ചാണ് വിൽക്കുന്നത്.

മാഹിൻ, പഴം-പച്ചക്കറി വ്യാപാരി

Advertisement
Advertisement