തമിഴ് ഗാനരചയിതാവ് പുലമൈപിത്തൻ വിടവാങ്ങി

Thursday 09 September 2021 12:00 AM IST

'തെൻപാണ്ടി ചീമയിലെ', 'കല്യാണ തേൻനിലാ' തുടങ്ങി ആയിരത്തിലേറെ ഗാനങ്ങളെഴുതി

ചെന്നൈ: പ്രശസ്ത ഗാനരചയിതാവും കവിയും തമിഴനാട് നിയമസഭാ ഉപാദ്ധ്യക്ഷനുമായിരുന്ന പുലവർ പുലമൈപിത്തൻ (രാമസ്വാമി) അന്തരിച്ചു. 86വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

'തെൻപാണ്ടി ചീമയിലെ', മൗനം സമ്മതം എന്ന മമ്മൂട്ടിയുടെ തമിഴ് ചിത്രത്തിലെ 'കല്യാണ തേൻനിലാ' തുടങ്ങിയ പ്രശസ്ത ഗാനങ്ങൾ എഴുതിയത് പുലമൈപിത്തനാണ്.

ആഗസ്റ്റ് 31നായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജീവൻ രക്ഷ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു അദ്ദേഹം ചികിത്സയിൽ കഴിഞ്ഞത്.

എ.ഐ.എ.ഡി.എം.കെയുടെ പ്രതിനിധിയായി രാഷ്‌ട്രീയരംഗത്തും സജീവസാന്നിദ്ധ്യമായിരുന്നു പുലമൈപിത്തൻ.

1935ൽ കോയമ്പത്തൂരിലെ ഇരുഗുറിലാണ് ജനനം. തുണിമില്ലിൽ ജോലി ചെയ്യുന്നതിനിടെ തമിഴ് സാഹിത്യം പഠിച്ച് ചെന്നൈയിലെത്തി. 1968ൽ എം.ജി.ആർ നായകനായ ‘കുടിയിരുന്ത കോയിൽ’ എന്ന സിനിമയിൽ പാട്ടെഴുതി ഗാനരചയിതാവായി. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട ഗാനരചനാജീവിതത്തിൽ

ആയിരത്തിലേറെ ഗാനങ്ങളെഴുതി. തമിഴകത്തെ ആദ്യ സൂപ്പർസ്റ്റാർ എം.ജി.ആർ, ശിവാജിഗണേശൻ, കമലഹാസൻ, രജനികാന്ത്, വിജയ് (ആറ്റ്ലിയുടെ തെരി സിനിമ) തുടങ്ങിയ താരങ്ങൾക്കൊപ്പം പ്രവർത്തിച്ചു. എം.ജി.ആർ അടക്കം നിരവധി സൂപ്പർസ്റ്റാറുകളെ തമിഴകത്തിന്റെ താരപദവിയിലെത്തിച്ചത് പുലമൈപിത്തന്റെ വരികളാണ്. സാമൂഹികമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച അദ്ദേഹത്തിന്റെ ഗാനങ്ങൾ എം.ജി.ആറിന്റെ വളർച്ചയിൽ നിർണായക ഘടകമായിരുന്നു. ആസ്ഥാനകവിയെന്നാണ് എം.ജി.ആർ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. എം.ജി.ആർ. മുഖ്യമന്ത്രിയായപ്പോൾ തമിഴ്‌നാട് ലെജിസ്ലേറ്റീവ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാനായിരുന്നു.

അടിമൈപ്പെണ്ണ്, നായകൻ, പണക്കാരൻ, മിസ്റ്റർ ഭരത്, നന്ദ എന്നിവയാണ് പ്രശസ്‌ത ചിത്രങ്ങൾ. നാലുതവണ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന സർക്കാർ പുരസ്കാരവും സർക്കാരിന്റെ കലൈമാമണി പുരസ്കാരവും നേടിയിട്ടുണ്ട്.
തമിഴരസിയാണ് ഭാര്യ. പുഗഴേന്തി, കണ്ണകി എന്നിവർ മക്കളാണ്.

Advertisement
Advertisement