കാസർകോട്ട് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു: ആശ്വാസം, തുടരണം ജാഗ്രത

Wednesday 08 September 2021 9:18 PM IST

കാസർകോട്: ശക്തമായ കൊവിഡ് പ്രതിരോധ ബോധവത്കരണം കാസർകോട് ജില്ലയിൽ ഫലം കാണുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി സംസ്ഥാനത്ത് ഏറ്റവും കുറവ് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന ജില്ലയാണ് കാസർകോട്. ആഗസ്റ്റ് അവസാന വാരം മുതൽ പ്രതിദിനം അയ്യായിരത്തിന് പത്തിൽ താഴെയാണ്.ചുരുക്കം ദിവസങ്ങൾ മാത്രമാണ് ഇതിന് അപവാദം.

കിടത്തിചികിത്സ ആവശ്യമുള്ള ഗുരുതര രോഗമുള്ളവരുടെ എണ്ണവും ജില്ലയിൽ കുറവാണ്. പോസിറ്റീവാകുന്ന രോഗികളിൽ ഏഴ് ശതമാനം പേരെ മാത്രമേ ഇത്തരത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നുള്ളു. ജാഗ്രത കൈവിടാതെ മുന്നോട്ട് പോയാൽ മാത്രമേ കൊവിഡിനെ പൂർണമായും പിടിച്ചു കെട്ടാൻ സാധിക്കുകയുള്ളുവെന്നും രോഗലക്ഷണങ്ങൾ കണ്ടാൽ പരിശോധന നടത്താനും ചികിത്സ തേടാനും മടികാണിക്കരുതെന്നും ജില്ലാ സർവേലൻസ് ഓഫീസർ ഡോ.എ.ടി.മനോജ് പറഞ്ഞു. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പു വരുത്താൻ പോലീസ് ശക്തമായ നടപടികൾ സ്വീകരിക്കുന്നതും ഗുണം ചെയ്തിട്ടുണ്ട്.

തുടക്കത്തിൽ ഏറ്റവും മുന്നിൽ

കൊവിഡിന്റെ തുടക്കത്തിൽ സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് കാസർകോട്ടാണ്. യുദ്ധകാലാടിസ്ഥാനത്തിൽ കൊവിഡ് ആശുപത്രികളും ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളും തുറന്നായിരുന്നു പരിചരണം. പ്രതിരോധം ഫലം കണ്ടതിന്റെ സൂചനയായിരുന്നു 2020 ഒക്ടോബർ 29 മുതൽ 2021 ഫെബ്രുവരി അവസാനം വരെയുള്ള പ്രതിദിന കണക്കുകൾ. രണ്ടാം തരംഗത്തിൽ 2021 മേയ് നാലോടെ ജില്ലയിലെ കൊവിഡ് നിരക്ക് കുത്തനെ ഉയർന്നു. ജൂൺ, ജൂലായ് മാസങ്ങളിലും നിരക്ക് ഉയരത്തിലായായിരുന്നു. ഓക്സിജൻ ക്ഷാമമുണ്ടാകുമെന്ന ആശങ്ക ഉയർന്നപ്പോൾ സിലിണ്ടർ ചാലഞ്ച് നടത്തി മതിയായ ഓക്സിജൻ ജില്ലയിലെത്തിച്ചു. നിലവിൽ ആവശ്യത്തിന് സിലിണ്ടറുകൾ ജില്ലയിലുണ്ട്. മൂന്നാം തരംഗമുണ്ടാകുകയാണെങ്കിൽ പ്രതിസന്ധി പരിഹരിക്കാൻ ജില്ലയിൽ പൊതുമേഖലയിലുൾപ്പെടെ ഓക്സിജൻ പ്ലാന്റുകളുടെ നിർമ്മാണവും ആരംഭിച്ചു. മരണ സംഖ്യ കുറച്ചു നിർത്തുന്നതിലും ജില്ല വിജയിച്ചു. കൊവിഡ് ബോധവത്കരണത്തിനൊപ്പം വാക്സിനേഷനും വർദ്ധിപ്പിച്ചത് നേട്ടമായി.ഇപ്പോൾ കൊവിഡിൽ ആർ.ടി.പി.സി.ആർ പരിശോധന മാത്രമാണ് നടത്തുന്നത്.

കൊവിഡ് ഇന്നലെ

പോസിറ്റീവ് 510

നെഗറ്റീവ് 473

ചികിത്സയിൽ 4852

കാസർകോട്

കൊവിഡ് ബാധിച്ചവർ ആകെ -1,27,434

മരണം - 478

മരണനിരക്ക് -0.37%

വാക്സിനേഷൻ 60 വയസിന് മുകളിൽ -100%

വാക്സിൻ സ്വീകരിച്ചത് -826187

കോവിഷീൽഡ്-746294

കോവാക്സിൻ -79893

അനുബന്ധ രോഗങ്ങൾ ഉള്ളവരും പ്രായം ചെന്നവരും കൊവിഡ് ലക്ഷണങ്ങൾ ഉണ്ടെങ്കിൽ നിർബന്ധമായും പരിശോധന നടത്തണം . ഗുരുതര രോഗമുളളവർ പരിശോധന നടത്തി വിദഗ്ധ ചികിത്സ തേടണം രണ്ട് ഡോസ് വാക്സിൻ എടുത്തവർ കൊവിഡ് മാനദണ്ഡം പാലിക്കുന്നതിൽ വിമുഖത കാട്ടരുത്-

ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്ർ

Advertisement
Advertisement