കൊവിഡിന് മരുന്ന് ഖരം മസാലയും കുരുമുളക് ഉരുളയും ; പണിയില്ലാതായപ്പോൾ വൈദ്യനായ 'ഭായി' അകത്ത്

Wednesday 08 September 2021 9:51 PM IST
ഉത്തർപ്രദേശ് സ്വദേശി വിനീത് പ്രസാദ്

കാസർകോട്:'പൊടിയും ഉണ്ട'യും വെള്ളത്തിൽ കലക്കി കുടിച്ചാൽ കൊവിഡ് രോഗം മാറുമെന്ന ബാനർ കണ്ടാണ് ഉപ്പളയിലെ കുറച്ചുപേർ ഉപ്പള മണിമുണ്ടയിലെ ചികിത്സാകേന്ദ്രത്തിലെ വൈദ്യന് മുന്നിലെത്തിയത്. സംശയം തോന്നി വിവരമറിയിച്ചതനുസരിച്ച് പൊലീസും ആരോഗ്യ വകുപ്പ് അധികാരികളും വന്നുനോക്കിയപ്പോൾ കണ്ടെത്തിയത് കുറെ കറി പൗഡറുകളും കുരുമുളകും വെളുത്തുള്ളിയും ചതച്ചുണ്ടാക്കിയ കുറെ ഉരുളകളും-. ഒരുപണിയും ഇല്ലാതെ നടക്കുന്നതിനിടെ ട്രെയിൻ കയറി എത്തിയ ഉത്തർപ്രദേശ് സ്വദേശി വിനീത് പ്രസാദ് (36) കണ്ടുപിടിച്ച മാർഗമായിരുന്നു ഈ കൊവിഡ് ചികിത്സ.

ഐ. ടി. ഐ വിദ്യാഭ്യാസമുള്ള യുവാവ് കുറച്ചുനാൾ റെയിൽവേയിൽ ട്രാക്ക് മാനായി പണിയെടുത്തിരുന്നു. രണ്ടാഴ്ച മുമ്പാണ് ഉപ്പളയിൽ എത്തിയത്. മണിമുണ്ടയിൽ ഒറ്റമുറി പീടിക വാടകക്ക് എടുത്തായിരുന്നു ഈയാളുടെ ഉത്തർപ്രദേശ് മോഡൽ ചികിത്സ. ഇക്കാര്യങ്ങൾ അറിയിച്ച്‌ ബാനറും സ്ഥാപിച്ചിരുന്നു.

വൈദ്യനെ മഞ്ചേശ്വരം ഇൻസ്‌പെക്ടർ സന്തോഷ് കുമാറും സംഘവും ഇയാളെ അറസ്റ്റ് ചെയ്തു കാസർകോട് കോടതിയിൽ ഹാജരാക്കി. ഇയാളുടെ ചകിത്സാകേന്ദ്രത്തിൽ നിന്ന് വ്യാജ മരുന്നുകളും പിടിച്ചെടുത്തിരുന്നു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ പരാതിയിലാണ് വിനീത് പ്രസാദിനെതിരെ കേസെടുത്തത്. ഉത്തർ പ്രദേശിലും ഇയാൾ വ്യാജ ചികിത്സ നടത്തിയിരുന്നതായാണ് പൊലീസിന് ലഭിച്ച വിവരം.

Advertisement
Advertisement