നടൻ റാണ ദഗുബട്ടിയെ വീണ്ടും ചോദ്യംചെയ്തു

Thursday 09 September 2021 12:37 AM IST

ഹൈദരാബാദ്: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് തെന്നിന്ത്യൻ നടൻ റാണ ദഗുബട്ടിയെ ഇ.ഡി രണ്ടാം തവണയും ചോദ്യം ചെയ്തു. റാണയുടെ ബാങ്കിടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചറിഞ്ഞുവെന്നാണ് വിവരം.

2017ലെ ലഹരിക്കേസിനോടനുബന്ധിച്ച് 30 കോടിയിലധികം രൂപയുടെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിലാണിത്. ഇ.ഡിക്ക് പുറമെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയും ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘവും വിവിധ തെലുങ്ക്, കന്നഡ സിനിമ താരങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നുണ്ട്.

റാണയ്ക്ക് പുറമേ നടിമാരായ ചാർമി കൗറിനും രാകുൽ പ്രീത് സിംഗിനും നർകോട്ടിക് കൺട്രോൾ ബ്യൂറോ നോട്ടീസ് അയച്ചിട്ടുണ്ട്. ഇരുവരെയും കഴിഞ്ഞയാഴ്ച ഇ.ഡി ചോദ്യം ചെയ്തിരുന്നു. രാകുലിനെ വീണ്ടും ചോദ്യം ചെയ്യുമെന്നും ഇ.ഡി വ്യക്തമാക്കിയിട്ടുണ്ട്. കന്നഡ താരങ്ങളിലേക്കും അന്വേഷണം വ്യാപിക്കുന്നുണ്ട്. കന്നഡയിലെ പ്രമുഖ നടിയും അവതാരകയുമായ അനുശ്രീ മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന ഡീലറാണെന്നാണ് കർണാടക ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്. അനുശ്രീ മയക്കുമരുന്ന് ഉപയോഗിച്ചതായി ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞിട്ടുണ്ടെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കി.