ചർച്ച വീണ്ടും അലസി: കർണാലിൽ ഉപരോധം തുടരുന്നു

Thursday 09 September 2021 12:47 PM IST

ന്യൂഡൽഹി: ഹരിയാനയിലെ കർണാലിൽ കർഷക സംഘടനകൾ നടത്തുന്ന മിനിസെക്രട്ടേറിയറ്റ് ഉപരോധം മൂന്നാം ദിവസത്തിലേക്ക്. ജില്ലാ ഭരണകൂടം വിളിച്ച രണ്ടാം വട്ട ചർച്ചയും അലസിയതോടെയാണ് ഉപരോധം തുടരാൻ കർഷക നേതാക്കൾ തീരുമാനിച്ചത്.

ആഗസ്റ്റ് 28ന് നടന്ന പ്രതിഷേധ സമരത്തിനിടെ കർഷകരുടെ തലയടിച്ച് പൊട്ടിക്കാൻ ഉത്തരവിട്ട അന്നത്തെ സബ് ഡിവിഷണൽ മജിസ്ട്രേട്ട് ആയുഷ് സിൻഹയെ സസ്പെൻഡ് ചെയ്യാനും കേസെടുക്കാനുമുള്ള ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് ജില്ലാ ഭരണകൂടം ആവർത്തിച്ചതോടെയാണ് ചർച്ച വീണ്ടും അലസിയത്.

ചണ്ഡീഗഢിൽ നിന്ന് ഹരിയാന സർക്കാരിലെ പ്രമുഖർ നൽകുന്ന നിർദ്ദേശങ്ങൾ പ്രകാരമാണ് ഉദ്യോഗസ്ഥർ സംസാരിച്ചതെന്നും മൂന്നുമണിക്കൂർ നീണ്ട ചർച്ച ഉദ്ദേശിച്ച ഫലം ചെയ്‌തില്ലെന്നും കർഷക നേതാവ് രാജേഷ് ടിക്കായത് പറഞ്ഞു. നടപടിയെടുക്കാൻ സർക്കാർ തയാറാകുന്നില്ല. ഈ സാഹചര്യത്തിലാണ് സമരം തുടരുന്നതെന്നും അദ്ദേഹം അറിയിച്ചു.

യു.പി, പഞ്ചാബ് സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ കർഷകർ അണിചേരുമെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹി അതിർത്തിയിലെ പ്രതിഷേധം പോലെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ കർണാലിലെ മിനി സെക്രട്ടേറിയറ്റ് സമരം തുടരാനാണ് കർഷക സംഘടനകളുടെ തീരുമാനം.

അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശിൽ കർഷക സമരം വ്യാപിപ്പിക്കാനും ആലോചനയുണ്ട്. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിൽ അടക്കം മഹാപഞ്ചായത്ത് നടത്താനും കർഷക സംഘടനകൾ പദ്ധതിയിടുന്നു.

സമരവുമായി കിസാൻ സംഘും

അതിനിടെ വിളകൾക്ക് വില ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി-ആർ.എസ്.എസ് ആഭിമുഖ്യമുള്ള കിസാൻസംഘ് ഡൽഹി ജന്തർമന്തറിൽ പ്രതിഷേധിച്ചത് ശ്രദ്ധേയമായി. രാജ്യവ്യാപകമായുള്ള പ്രതിഷേധ പരിപാടിയുടെ ഭാഗമായിരുന്നു അത്. കർഷകർക്ക് താങ്ങുവില ലഭ്യമാകുന്നില്ലെന്ന് പ്രതിഷേധത്തിൽ പങ്കെടുത്തവർ കുറ്റപ്പെടുത്തി.

Advertisement
Advertisement